സംസ്ഥാന തോട്ടം നയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര തൊഴിലാളി സംഘടനാ നേതാക്കൾ, തോട്ടം ഉടമകൾ, സംസ്ഥാന പൊതുമേഖലാ തോട്ടങ്ങളുടെ ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാകും നയത്തിന് അന്തിമരൂപം നൽകുക. നയ രൂപീകരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു..കേരളത്തിലെ തോട്ടം മേഖലയുടെ സമഗ്ര സംരക്ഷണത്തിനും തൊഴിലാളി ക്ഷേമത്തിനുമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും അത് ഉടൻ പ്രാവർത്തികമാക്കുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു.
പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു സംരക്ഷിക്കൽ, തോട്ടങ്ങളുടെ ഡാറ്റാ ബാങ്ക്, വ്യവസായ സംരംഭ ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും ലഭ്യമാക്കൽ, തോട്ടവിളകൾക്ക് ഇൻഷുറൻസ്, പാട്ടക്കരാർ കാലോചിതമായി പുതുക്കൽ, 24 പൊതുമേഖലാ തോട്ടങ്ങൾ ലാഭകരമാക്കാനുള്ള കർമപദ്ധതി തുടങ്ങിയവ കരട് തോട്ടം നയം മുന്നോട്ടുവയ്ക്കുന്നു.
റവന്യൂ, വനം, തൊഴിൽ, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി, കാർഷിക വകുപ്പുകൾ ഏകോപിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപികരിക്കാനും നിർദേശമുണ്ട്. തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചാകും പ്രാഥമികഘട്ടത്തിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുക. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറും പ്ലാന്റേഷൻ ഇൻസ്പെക്ടർമാരും ഡയറക്ടറേറ്റിന്റെ ഭാഗമാകും. തോട്ടം മേഖലയുടെ പാരിസ്ഥിതിക സവിശേഷതകൾക്ക് യോജിച്ച ഇടവിളക്കൃഷി തോട്ടം നയത്തിന്റെ ഭാഗമാക്കും. തോട്ടം തൊഴിലാളി ക്ഷേമനിധി മെച്ചപ്പെടുത്തും. തോട്ടം മേഖലയും വനം വകുപ്പുമായുള്ള പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ആഭ്യന്തര കാർഷിക ഉൽപ്പാദനത്തിൽ തോട്ടം മേഖലയുടെ പങ്ക് കുറഞ്ഞു. തോട്ടവിളകൾക്കായി ഉപയോഗപ്പെടുത്തുന്ന ഭൂമിയുടെ വിസ്തൃതിയും കുറഞ്ഞു. ഇത് മൂന്നുലക്ഷം തോട്ടംതൊഴിലാളികളെ പ്രതികൂലമായി ബാധിച്ചു. 13 തോട്ടങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇവ തുറന്ന് പ്രവർത്തിപ്പിക്കാൻ സഹകരണമേഖലയുടെ സഹായം തേടും. പുതിയതും പിരിഞ്ഞുപോയതുമായ തൊഴിലാളികളെ ഈ മേഖലയിലേക്ക് കൊണ്ടുവരും. റബറിന് ന്യായമായ വില കിട്ടാൻ സിയാൽ മാതൃകയിൽ വൻകിട റബർ ഫാക്ടറി ആരംഭിക്കും. കരട് തോട്ടം നയത്തിലെ നിർദേശങ്ങളോട് ചർച്ചയിൽ പങ്കെടുത്തവർ യോജിച്ചതായി മന്ത്രി അറിയിച്ചു.