എറണാകുളം ജില്ലയിൽ നേന്ത്രവാഴയിൽ കുഴിപുള്ളി രോഗം വ്യാപിക്കുന്നു.ജൂണിലാണ് രോഗം ശ്രദ്ധയിൽപ്പെട്ടത്. നാലായിരത്തോളം വാഴകൾ നശിച്ചു. കൃഷിഭവനുകൾ വഴി സാമ്പിളുകൾ കൈമാറിയതിനെ തുടർന്ന് കാർഷിക സർവകലാശാല വിദഗ്‌ധസംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ പഠനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചാൽ ഇലകളിൽ തവിട്ടുനിറം ബാധിച്ചും കായകളിൽ പുള്ളിവീണും നശിക്കുകയാണ്. വിണ്ടുകീറിയ കായ്കളിൽ പഴയീച്ച മുട്ടയിട്ട് അവയുടെ പുഴുക്കൾ വ്യാപിച്ച് നാശം പൂർണമാക്കും. സംയോജിത കീടരോഗ നിയന്ത്രണത്തിലൂടെ ചെറുക്കാമെങ്കിലും പെട്ടെന്ന് പടരാനിടയുള്ളതിനാൽ അതീവജാഗ്രതവേണമെന്ന് കാർഷിക ശാസ്ത്രജ്ഞർ നിർദേശിച്ചു.
ബ്ലാസ്റ്റ് പിറ്റിങ് ഡിസീസ് ബനാനയെന്ന ഈ രോഗം 2014–-15 കളിൽ ഒഡീഷയിൽ റോബസ്റ്റ് ഇനമായ ഗ്രാന്റ നെയ്നിലും പൂവൻ, ഞാലിപ്പൂവൻ എന്നിവയിലും കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലും രോഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിലെ ഡോ. വിമി ലൂയിസ്, ഡോ. ഗവാസ് രാഗേഷ്, ഡോ. എ കെ ശ്രീലത എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കേരളത്തിൽ രോഗം കണ്ടെത്തിയത്.
കായയുടെ മധ്യഭാഗത്ത് അധികം താഴ്‌ചയില്ലാത്ത കുഴികൾ ആദ്യം രൂപപ്പെടും. ആക്രമണം മൂർച്ഛിക്കുന്നതനുസരി ച്ച് പുള്ളികൾ കൂടിച്ചേർന്ന് കായ്കൾ വിണ്ടുകീറും. പഴത്തൊലിയെ സാരമായി ബാധിക്കുന്ന ഈ രോഗം ഉൾക്കാമ്പിനെ ബാധിക്കില്ലെങ്കിലും കാഴ്ചയ്ക്ക് ഭംഗി നഷ്ടപ്പെടുന്നതോടെ കുലകൾ ആരും വാങ്ങാറില്ല.
രോഗപ്രതിരോധമാർഗങ്ങൾ
രോഗത്തിന് പ്രതിരോധമാർഗങ്ങൾ കാർഷിക സർവകലാശാലാ ശാസ്ത്രജ്ഞർ നിർദേശിച്ചിട്ടുണ്ട്. രോഗമുക്തമാണെന്ന് ഉറപ്പുള്ള ടിഷ്യുകൾച്ചർ വാഴത്തൈകൾ മാത്രം ഉപയോഗിക്കുക. കുമിൾ നാശിനികളായ ഹെക്സാകോണസോൾ 5 ഇസി, അല്ലെങ്കിൽ അസോക്സിസ്ട്രോബിൻ 23ഇസി 0.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കുലകളിലും നാവിലയിലും ഇലകളിലും തളിക്കണം.പോളിത്തീൻ കവറുകൾക്കൊണ്ട് കുലകൾ പൊതിയുക, രോഗം ബാധിച്ചുണങ്ങിയ ഇലകൾ മുറിച്ച് തോട്ടത്തിൽനിന്നും നീക്കി തീയിട്ട് നശിപ്പിക്കണമെന്നും നിർദേശമുണ്ട്.