1. കാര്‍ഷിക മേഖലയില്‍ ഡ്രിപ്, സ്പ്രിങ്ക്ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, ഉയർന്ന ഉത്പാദനം ഉറപ്പു വരുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ.- പി.ഡി.എം.സി) പദ്ധതിയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിയ്ക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നികുതി രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം മുതലായ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
2. ക്ഷീരവകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ 'ക്ഷീരോത്പന്ന നിർമാണ പരിശീലന' പരിപാടി സംഘടിപ്പിക്കുന്നു. 135 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ പരിശീലനത്തിനെത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്. സെപ്തംബർ 12-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി ഫോൺ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് -
ഫോൺ: 0471 2440911.
മേൽവിലാസം ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ, തിരുവനന്തപുരം 695004.
Email: principaldtctvm@gmail.com
3. സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്. അതേസമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല.