1. റബ്ബർ ആവർത്തനക്കൃഷിക്കുള്ള സബ്‌സിഡി റബ്ബർ ബോർഡ് പുനരാരംഭിച്ചു. തോട്ടത്തിലെ പ്രായമായ റബ്ബർ മരങ്ങൾ മുറിച്ച് പുതിയ തൈകൾ നടുന്നതിന് ഹെക്ടറിന് 40,000 രൂപയാണ് ഈ വർഷം ആനുകൂല്യം ലഭിക്കുക. 2017-ൽ നിർത്തിവച്ച സബ്‌സിഡി ശേഷം ചില വർഷങ്ങളിൽ അപേക്ഷ ക്ഷണിച്ചെങ്കിലും ആനുകൂല്യം ലഭിച്ചിരുന്നില്ലെങ്കിലും വർഷങ്ങൾക്കു ശേഷം ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് പോർട്ടൽ വഴി ഒക്ടോബർ 31 വരെ കർഷകർക്ക് സ്വയം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഫീൽഡ് ഓഫീസർമാരെ കാണിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തി അപ്‌ലോഡ് ചെയ്യുന്നത് നല്ലതാണെന്നും റബ്ബർ ബോർഡ് അറിയിച്ചു.
2. കണ്ണൂർ കക്കാട് റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 17,18 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വ്യാവസായികാടിസ്ഥാനത്തില്‍ പശു വളര്‍ത്തലിൽ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16-ാം തീയതി വൈകുന്നേരം നാലു മണിക്കകം പരിശീലനകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2763473 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. മാന്നാര്‍ കടലിടുക്കിന് മുകളിലും തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന നിലയില്‍ ചക്രവാത ചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ സജീവമായത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും അറിയിപ്പുണ്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.