പാലക്കാട്: ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണത്തിനും ജില്ലാതല സ്‌പോട്ട് പി.ആര്‍.എസ് വിതരണത്തിനും തുടക്കമായി പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണത്തിനും ജില്ലാതല സ്‌പോട്ട് പി.ആര്‍.എസ് വിതരണത്തിനും തുടക്കമായി. ആലത്തൂര്‍ താലൂക്ക് കാവശ്ശേരി മൂപ്പുപറമ്പ് പാടശേഖരസമിതിയിലെ കര്‍ഷകരില്‍നിന്നാണ് നെല്ല് സംഭരണം ആരംഭിച്ചത്. പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദനം നടക്കുന്ന ജില്ലയാണ് പാലക്കാട് എന്നത് പ്രധാനപ്പെട്ട ഒന്നാണെന്ന് എം.എല്‍.എ പറഞ്ഞു. ഏറ്റവും വലിയ കാര്‍ഷികവൃത്തി എന്ന നിലയില്‍ നെല്‍കൃഷിക്ക് പാലക്കാട് കിഴക്കന്‍ മേഖലയില്‍ വലിയ പ്രാധാന്യവും പങ്കും സാധ്യതയുമുണ്ട്. അത്തരം സാധ്യതകളെ ഏറ്റവും നന്നായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.
കാവശ്ശേരി വടക്കേനട റേഷന്‍ കട പരിസരത്ത് നടന്ന പരിപാടിയില്‍ കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ്‌കുമാര്‍ അധ്യക്ഷനായി. ആലത്തൂര്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജി. കവിത പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍.ആര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, കാവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആസാദ്, പഞ്ചായത്ത് അംഗങ്ങളായ മണി വാവുള്ളിപ്പതി, ഗിരിജരാജന്‍, മീനഗോപി, പി. കേശവദാസ്, എ. ആണ്ടിയപ്പു, ടി. വേലായുധന്‍, നിത്യ മനോജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി ജോര്‍ജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, മൂപ്പുപറമ്പ് പാടശേഖര സമിതി സെക്രട്ടറി ബാലഗംഗാധരന്‍, കൃഷി അസിസ്റ്റന്റ് സഫിയ തുടങ്ങിയവര്‍ പങ്കെടുത്തു.