വയനാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി വനിതാദിനാഘോഷം പെണ്‍പെരുമ സംഘടിപ്പിച്ചു. മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഒരുമയുടെ തേയില നുള്ളിയാണ് പരിപാടിക്ക് തുടക്കമിട്ടത്. തേയില നുള്ളുന്നവരുടെ പരമ്പരാഗത വേഷം അണിഞ്ഞ് ജില്ലാ കളക്ടര്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ കൂടെ തേയിലനുള്ളി.
കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിലെ 105 വിദ്യാര്‍ത്ഥികളും അധ്യാപകരും പെണ്‍പെരുമയുടെ ഭാഗമായി. ക്ലാസ് മുറികളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ക്ക് പുറമേ പ്രകൃതിയെ അറിഞ്ഞും പ്രകൃതിയോട് ഇണങ്ങിയും സമാന്തര വിദ്യാഭ്യാസത്തിന്റെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പെണ്‍പെരുമയുടെ ഭാഗമായത്.
‘മേക്ക് യുവര്‍ ടീ’പദ്ധതിയുടെ ഭാഗമായി തേയില ചായപ്പൊടിയാകുന്ന പ്രവര്‍ത്തനങ്ങള്‍ തേയില ഫാക്ടറിയില്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ മനസിലാക്കി. എസ്റ്റേറ്റിലെ തൊഴിലാളികള്‍ അവരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ട്രക്കിങ്ങും നടന്നു.
മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ ടീച്ചര്‍, ഡി.ടി.പി.സി മാനേജര്‍ രതീഷ് ബാബു, അധ്യാപക വിദ്യാഭ്യാസ കേന്ദ്രം കോഴ്സ് ഡയറക്ടര്‍ ഡോ എം.പി അനില്‍, വിദ്യാര്‍ത്ഥി പ്രതിനിധി സിസ്റ്റര്‍ അര്‍ച്ചന മാത്യു, ഡി.ടി.പി.സി ജീവനക്കാര്‍, എസ്റ്റേറ്റ് ജീവനക്കാര്‍, തൊഴിലാളികള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.