കൊല്ലം: വരള്‍ച്ചാക്കാലം മുന്നില്‍ കണ്ടു ജില്ലയില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ജലസേചനം ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ട്രേറ്റ് കോണ്‍ഫെറെന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവിക ജലസ്രോതസ്സുകള്‍ പുനരുജീവിപ്പിക്കും. നീര്‍ച്ചാലുകളുടെ ഒഴുക്ക് തടയുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പൊതു കിണറുകള്‍, കുഴല്‍ കിണറുകള്‍ തുടങ്ങിയവ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കണമെന്നും സാങ്കേതിക തടസങ്ങള്‍ ഇല്ലാത്ത വിധം പദ്ധതികള്‍ രൂപീകരിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു. ദേശിയ പാത നിര്‍മാണം മറ്റു വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തണമെന്ന് ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു. ‘ഗ്രാമവെളിച്ചം’ പദ്ധതിയുടെ സാക്ഷത്കരണത്തില്‍ അവസാനഘട്ടത്തില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ജില്ലയിലെ മൃഗാശുപതികളുടെ ഐ എസ് ഓ അംഗീകാരം എടുക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. 10 കോടി ടെന്‍ഡര്‍ അനുവദിച്ച പൂതക്കുളം റോഡ് പണി ഉടനടി ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു .
ജൈവവൈവിധ്യ മേഖലയായ പുനലൂരിലെ വിനോദസഞ്ചാര സാധ്യതകള്‍ പരിഗണിച്ച് ടൂറിസം സര്‍ക്യുട്ടില്‍ ഉള്‍പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. അഞ്ചല്‍ വടമണ്ണില്‍ ബസ് മറിഞ്ഞു വിദ്യര്‍ഥികള്‍ക്ക് പരിക്കേറ്റ സാഹചര്യം ഗൗരവമായി കണ്ട് സ്‌കൂള്‍ ബസുകളും വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന മറ്റു ബസുകളും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് പരിശോധന നടത്തി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകളും ബ്രാഞ്ച് കനാലുകളും ജലവിതരണത്തിന് തടസമില്ലാതെ ശുചീകരിക്കണമെന്നും കൊല്ലം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് എതിര്‍വശം കൊട്ടാരക്കര-കുണ്ടറ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ബസ് റൂട്ട് കൃമികരിക്കുകയും ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ നിര്‍ദേശിച്ചു.
ജില്ലയിലെ പട്ടിക ജാതി ക്കാരായ വിധവകള്‍ക്ക് അനുവദിച്ച തുക കുടിശിക അടക്കം ഉടനടി നല്‍കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ 16 കോടി അനുവദിച്ച പത്തനാപുരം ബൈ പാസിന്റെ വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും റോഡ് പണിയുമായി ബന്ധപെട്ട് പത്തനാപുരത്ത് ജല ലഭ്യത തടസ്സമായത് പരിഹരിക്കണമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി എ സജിമോന്‍ ആവശ്യപ്പെട്ടു. പിറവന്തൂര്‍ പഞ്ചായത് അലിമുക്ക് -അച്ചന്‍കോവില്‍ റോഡില്‍ കാട്ടാന ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് സോളാര്‍ ഫെന്‍സിങ് അടക്കം ഉള്ള നടപടികള്‍ കൈക്കൊള്ളണം എന്നും അദ്ദേഹം പറഞ്ഞു.
വരള്‍ച്ചാകാലം മുന്നില്‍ കണ്ട് എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യതക്കായി ഒരു കുഴല്‍ കിണര്‍ വീതം അനുവദിക്കണം എന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ യുടെ പ്രതിനിധി പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുന്ന റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവുനായ ശല്യവും പേ വിഷബാധയും കാണിക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി ആര്‍ മഹേഷ് എം എല്‍ എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ നടത്തിപ്പിന് പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിയതിനു വിവിധ വകുപ്പുകളെ ജില്ലാ കലക്ടര്‍ അനുമോദിച്ചു.