കുറ്റിയാട്ടൂർ മാങ്ങയുടെ രുചിയൂറും സ്‌ക്വാഷ്, അധികമാർക്കും പരിചിതമല്ലാത്ത ഇടിച്ചക്ക അച്ചാർ, വിപണിയിലെ താരമായ പച്ച മാങ്ങ ജാം ഇങ്ങനെ നാടൻ രുചി വൈവിധ്യങ്ങൾ അനുഭവിച്ചറിയാനും കാർഷിക വിളകളെ അടുത്തറിയാനുമുള്ള അവസരമായി തളിപ്പറമ്പ് കരിമ്പം ഐ ടി കെ സെന്ററിൽ നടന്ന ജില്ലാതല കിസാൻ മേള. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൃഷി വകുപ്പും ആത്മ കണ്ണൂരും ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക വിളകളെ വേനല്‍ച്ചൂടിൽ നിന്നും സംരക്ഷിക്കാം
കർഷകരുടെ വരുമാന സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് മേളയുടെ ലക്ഷ്യം. ജില്ലാ കൃഷിത്തോട്ടം, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം, കുറ്റിയാട്ടൂർ മാങ്ങ ഉൽപ്പാദന കമ്പനി, റെയ്ഡ്‌കോ എന്നിയാണ് സ്റ്റാളുകൾ ഒരുക്കിയത്. വാഴ, മാവ്, റമ്പൂട്ടാൻ, കുരുമുളക് തുടങ്ങിവയുടെ തൈകൾ ജില്ലാ കൃഷിത്തോട്ടം അധികൃതർ കർഷകരെ പരിചയപ്പെടുത്തി.
ബന്ധപ്പെട്ട വാർത്തകൾ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കിസാന്‍ മേള ഉദ്ഘാടനം ചെയ്തു
രുചിയൂറും കുറ്റിയാട്ടൂർ മാങ്ങയും മാങ്ങ കൊണ്ടുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും വാങ്ങാൻ ആവശ്യക്കാർ ഏറെയായിരുന്നു. ഇടിച്ചക്ക അച്ചാറിന്റെ നിർമ്മാണ രീതി ചോദിച്ചറിഞ്ഞാണ് പലരും മടങ്ങിയത്. കോശങ്ങൾ ശേഖരിച്ച് വാഴത്തൈ നിർമ്മിക്കുന്ന രീതി പ്രദർശിപ്പിച്ചത് വേറിട്ട അനുഭവമായി. മേള ഏറെ ഉപകാരപ്രദമായെന്ന് കർഷകർ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി അനിത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗിരീഷ് ബാബു, ജില്ലാ ക്ഷീര വികസന ഓഫീസർ വർക്കി ജോർജ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിനി നാരായണൻ എന്നിവർ ക്ലാസെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: കിസാന്‍ മേള ഇന്ന്; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി, കണ്ണൂർ കെ വി കെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പി ജയരാജ്, വാർഡ് അംഗം പി ലക്ഷ്മണൻ, പന്നിയൂർ പി ആർ എസ് മേധാവി ഡോ. വി പി നിമ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജിമോൾ കെ ബേബി, ആത്മ പ്രൊജക്ട് ഡയറക്ടർ ഇ കെ അജിമോൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ദേശീയ-സംസ്ഥാന കർഷക പുരസ്‌കാരങ്ങൾ നേടിയ കർഷകരെ ആദരിക്കലും കർഷകരും ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖവും നടന്നു