Updated on: 5 July, 2022 10:06 AM IST

ദിവാകരൻ ചോമ്പാല

ജീവനും ജീവിതത്തിനുമിടയിൽ സ്വന്തം ജീവന് അശേഷം അമിത പ്രാധാന്യം നൽകാതെ രോഗബാധിതരായ സമസൃഷ്ടങ്ങളുമായി സദാ ഇടപെടുന്ന ഒരുവിഭാഗം മനുഷ്യാത്മാക്കളുണ്ട് .
വൈദ്യന്മാർ അഥവാ ഭിഷഗ്വരന്മാർ അതുമല്ലെങ്കിൽ ഡോക്‌ടർമാർ .
ജൂലായ് 1 ആദരവോടെ കൃതജ്ഞതാപൂർവ്വം ഡോക്ടർമാരെ ഓർമ്മിക്കേണ്ട ദിവസമാണ് .
പോയ നാളുകളിൽ കോവിഡ് രോഗബാധിതരായ രോഗികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവരെ പരിചരിച്ചും ചികിൽസിക്കുന്നതിനുമിടയിൽ മരണത്തിന്റെ പിടിയിലകപ്പെട്ട എത്രയോ ആരോഗ്യപ്രവർത്തകരുണ്ട്.
അവരുടെ നന്മക്കായിക്കൂടി പ്രാർത്ഥിക്കേണ്ട ദിവസം കൂടിയാണ് ഇന്ന് ജൂലായ് 1 .

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനും സ്ഥാപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയ ബംഗാളിന്റെ മുഖ്യമന്ത്രിയും ഇതിഹാസ ഭിഷഗ്വരനുമായ ഡോ .ബി .സി റോയ്
വൈദ്യശാസ്ത്രശാഖയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലായ് 1 ദേശീയ ഡോക്റ്റർ ദിനമായി ആചരിക്കാൻ തുടങ്ങിയത് .

ഡോക്ടർ എന്നാൽ മാന്യമായ പദവി അഥവാ സാമ്പത്തിക ഔന്നത്യത്തിനായുള്ള ഉന്നതമായ ജോലി എന്നതിലുപരി മനുഷ്യരാശിക്ക് മുഴുവൻ ആയുരാരോഗ്യസമ്പന്നമായ ഒരു ജീവിത വ്യവസ്ഥ രൂപപ്പെടുത്തുന്ന മഹത്തായ സേവനപ്രവർത്തനമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസത്തിൻറെ പ്രത്യേകത എന്ന് വേണം കരുതാൻ .

ആരോഗ്യമേഖലയും അതുപോലെ വിദ്യാഭ്യാസമേഖലയുമെല്ലാം കച്ചവടക്കണ്ണുള്ളവരുടെ പിൻബലത്തിൽ ഒരളവോളം വ്യാപാര മേഖലയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ തനിക്കെന്ത് നേടാൻ കഴിയും എന്നതിലുപരി തനിക്കെന്ത് നൽകാൻ കഴിയും എന്ന നിലയിൽ ചിന്തിക്കുകയും അതിനനുസൃതമായ തോതിൽ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യത്വം മരവിക്കാത്ത വേറിട്ട മനസ്സുളള എത്രയോ ഡോക്‌ടർമാർ നമുക്ക് ചുറ്റിലുമുണ്ടെന്നുള്ളതും ആശ്വാസപൂർവ്വം പറയാതെ വയ്യ .നമുക്കവരെ മാനിക്കാം .അവർക്കായി ഈ ദിനത്തിൽ ആദരവോടെ തലകുനിക്കാം .

ഞാൻ ജനിച്ചുവളർന്ന ചോമ്പാല എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരൊറ്റ ഡോക്ടർപോലുമില്ലാത്ത ഒരു പഴയ കാലമുണ്ടായിരുന്നു .
എന്റെ ഓർമ്മയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പുറംതിരിഞ്ഞുനോക്കുമ്പോൾ അറുപത്തിയഞ്ച് എഴുപത് വർഷങ്ങൾക്കും മുൻപ് .
.പുതിയ തലമുറക്കാരുടെ അറിവിലേക്കായി ഇവിടുത്തെ ചില നാട്ടുപുരാണങ്ങൾ കൂടി പങ്കു വെയ്ക്കുന്നു .

ചോമ്പാലയിലെ ആദ്യത്തെ ചികിത്സാകേന്ദ്രം പാതിരിക്കുന്നിൽ അഥവാ മിഷ്യൻകോമ്പൗണ്ടിൽ .
ജർമ്മൻ മിഷനറിമാരുടെ കടന്നുവരവോടെയാണ് പാതിരിക്കുന്നിൽ പള്ളിയും സ്‌കൂളും അനാഥാലയവും ആശുപത്രിയും ഉണ്ടായത് .
ബ്രിട്ടീഷ് വാസ്‌തുശൈലിയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന പ്രൗഢോജ്വലമായ കെട്ടിടസമുച്ചയങ്ങൾ .കിടത്തിചികിൽസ വേണ്ടവർക്കും പ്രസവിക്കാനെത്തുന്നവർക്കുമെല്ലാം ഇവിടെ സൗജന്യപരിചരണം .പ്രധാനപ്പെട്ട മരുന്നുകളെല്ലാം ജർമ്മനിയിൽ നിന്നുമെത്തിയിരുന്നു .
കൂട്ടത്തിൽ പോഷകസമ്പന്നമായ ഭഷ്യവസ്തുക്കൾ ,മികച്ച ഗുണനിലവാരമുള്ള പാൽപ്പൊടി ,ചീസ് ,പയർ വർഗ്ഗങ്ങൾ തുടങ്ങിയ പലതും സുലഭമായി ലഭിക്കുമായിരുന്നു .
ജാതിമതഭേദമില്ലാതെ നാട്ടുകാരിൽ ഒട്ടുമുക്കാൽ കുടുംബങ്ങളും ഈ സുഖപരിധിയിൽ സന്തോഷിക്കുന്നവരുമായിരുന്നു .
നാദാപുരം കുറ്റിയാടി ഭാഗങ്ങളിൽനിന്നുവരെ ഇവിടെ രോഗികൾ ആ കാലത്ത് വരുമായിരുന്നു .പിൽക്കാലത്ത് ഈ ആശുപത്രിയും അനുബന്ധസൗകര്യങ്ങളുമെല്ലാം അന്യം നിന്നുപോയെന്നത് ദുഖകരമായ സത്യം .ഈ അവസ്ഥയിലെത്തിയതിൻറെ കാരണമെന്ത് ?
എങ്ങിനെ നഷ്ട്ടപ്പെട്ടു എന്നറിയാൻ ഇനിയൊരു പോസ്റ്റുമോർട്ടം നടത്തിയിട്ട് ഒട്ടു കാര്യവുമില്ല .
സാമ്പത്തിക പരാധീനതകളുടെയും കഷ്ട്ടപ്പാടുകളുടെയും നടുവിൽപെട്ട് നട്ടംതിരിയുന്ന ഇവിടുത്തെ കടലോര മേഖലയിലെ ജനങ്ങൾക്കും ചുറ്റുപാടിലുള്ളവർക്കുമെല്ലാം ഏറെ ആശ്വാസമായിരുന്നു പാതിരിക്കുന്നലെ അന്നത്തെ മിസ്സിയുടെ ചികിത്സാകേന്ദ്രം.
കൂട്ടത്തിൽ ഇവിടുത്തെ നിർദ്ധനവിഭാഗത്തിപ്പെട്ട കുടുംബങ്ങളിൽ പലരും മതപരിവർത്തനത്തിലൂടെ ക്രിസ്‌തുമതവിശ്വാസികളായി മാറുകയുമുണ്ടായി എന്നതും നിഷേധിക്കാനാവാത്ത മറ്റൊരു പരമാർത്ഥം .
സിസ്റ്റർ ഫ്രീഡ .സിസ്റ്റർ എമ്മിക്രൂസ് തുടങ്ങി ജർമ്മനിയിൽ നിന്നുമെത്തിയ സേവനതൽപ്പരരായ വൈദ്യശുശ്രുഷകർക്കായിരുന്നു ആശുപത്രിയുടെ അന്നത്തെ ചുമതല .
ഇവർക്ക് സഹായികളായി റബേക്ക ,സുകുമാരി ,കുറമ്പൻ തുടങ്ങിയ ഒരുകൂട്ടം പ്രദേശവാസികളും .മുറിവുകൾക്കും വ്രണങ്ങൾക്കും മുഖ്യമായും പെൻസിലിൻ ഇഞ്ചക്ഷൻ ,പെൻസിലിൻ ഓയിന്റ്മെന്റ് അക്കാലത്തെ പതിവ് വിചികിത്സാരീതി അങ്ങിനെ .
.ടിഞ്ചർ അയഡിൻ പോലുള്ളവ വേറെയും. ജർമ്മനിയിൽ നിന്നുമെത്തിയ മീനെണ്ണഗുളികൾ ഒട്ടുമുക്കാൽ ആളുകൾക്കും മിസ്സിയുടെ ആശുപത്രിയിൽ നിന്നും ഫ്രീ ആയി കിട്ടുമായിരുന്നു .ഒപ്പം ചില ടോണിക്കുകളും

പോളിത്തിൻഷീറ്റോ ഗ്‌ളാസ്സ്‌ പേപ്പറോ നിലവിലില്ലാത്ത ആ കാലത്ത് പുള്ളികളുള്ള ചെറിയ ചേമ്പിലകളിലായിരുന്നു പെൻസിലിൻ ഓയിന്റ്മെന്റ് വീട്ടിൽകൊണ്ടുപോകാൻ ലഭിച്ചിരുന്നത് .പിൽക്കാലത്ത് പെൻസിലിൻ നിരോധിച്ചുവെന്നത് മറ്റൊരു കാര്യം .

ഡോക്റ്റർമാരായിപ്രദേശത്ത് ആരുമില്ലാത്ത ആ കാലത്ത് നാട്ടുകാരിൽ ഒരളവോളം ആളുകൾ ആശ്രയിച്ചിരുന്നത് ആയുർവ്വേദ ചികിത്സ അഥവാ നാട്ടുചികിത്സയെ .

മുഖ്യമായ തറിമരുന്നുകട വടക്കേ മുക്കാളിയിൽ ചന്തൻവൈദ്യരുടെ വീടിനോട് ചേർന്ന് മുൻവശത്ത് റോഡരികിൽ .
സൗമ്യനും മിതഭാഷിയുമായ പൊക്കിണൻ എന്നൊരാളാണ് കടയുടെ മേൽനോട്ടവും മരുന്നുതറിയും മറ്റും .
മുറികളിൽ നിറയെ അലമാരകളിൽ മരുന്നുകുപ്പികൾ ,ആ വഴികടന്നുപോകുമ്പോൾ ഒരു പ്രത്യേകതരം വാസനയായിരിക്കും .നാട്ടുമരുന്നുകളുടെ നറു മണം .ആസവാരിഷ്ട്ടങ്ങളുടെ പ്രത്യേക ഗന്ധം .
.തട്ടോളിക്കരയിലെ കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ അക്കാലത്തെ നാട്ടിലെ ഏറെ പ്രശസ്‌തനായ ആയുർവ്വേദ ചികിത്സകനായിരുന്നു.

വീട്ടിമരത്തിൽ കടഞ്ഞെടുത്ത് പിച്ചളകൊണ്ട് അലങ്കരിച്ച ഊന്നുവടിയുമായി ചെക്കൂട്ടിവൈദ്യർ നിവർന്നു നടക്കുന്ന രൂപമോർക്കുമ്പോൾ മന്നത്തുപത്മനാഭൻറെ വയസ്സായ കാലത്തെ ചിത്രമാണിപ്പോഴും മനസ്സിലുണരുന്നത് .
തളർവാതത്തിൽ വീണുകിടക്കുന്ന എത്രയോ പേർ അദ്ദേഹത്തിൻറെ ചികിത്സയിലൂടെ രക്ഷപ്പെട്ടതായെനിക്കറിയാം .ഒപ്പം മാറാവ്യാധിയിൽ പെട്ടപലരും ,

ഔഷധനിർമ്മാണവും അദ്ദേഹത്തിൻറെ വീട്ടിൽത്തന്നെ .ധ്യാനവും ഉപാസനയും പ്രാർത്ഥനയും മുടങ്ങാതെ ദിനചര്യയുടെ ഭാഗം .
പുരാതന മന്ത്രവിദ്യയായ നോക്കൊടി മന്ത്രം വശമുണ്ടാ യിരുന്ന ചെക്കൂട്ടിവൈദ്യർ അദ്ദേഹത്തിന്റെ വീട്ടിൽ അൽപ്പം ധിക്കാരപരമായതോതിൽ പരിശോധനക്കെത്തിയ എക്സൈസ് ഗാർഡിനെ തന്റെ വീട്ടുമുറ്റത്തുവെച്ച് നോക്കോടി മന്ത്രത്തിൻറെ പിൻബലത്തിൽ കോലായിയിനിന്നും ദൃഷ്ട്ടി കൂർപ്പിച്ച് നോക്കിയെന്നും നിമിഷങ്ങൾക്കകം എക്സൈസ് ഗാർഡ് ബോധരഹിതനായി വീണെന്നും കൂട്ടത്തിലുള്ളവർ ക്ഷമാപണം നടത്തിയശേഷം മറുമന്ത്രത്തിന്റെ പിൻബലത്തിൽ ബോധരഹിതനായ ആളിനെ ചെക്കൂട്ടി വൈദ്യർതന്നെ ഉണർത്തിയെന്നും അക്കാലത്തെ നാട്ടുകാർക്കെല്ലാമറിയുന്ന നാട്ടുകഥ .
കേൾക്കുമ്പോൾ കെട്ടുകഥയായി തോന്നാം .എന്നാൽ അക്കാലത്ത് ജീവിച്ച ഇവിടുത്തെ നാട്ടുകാരോട് അനേഷിച്ചാൽ സത്യമാണെന്ന് ബോധ്യമാവും .
എന്റെ അച്ഛൻ ചോയി വൈദ്യർ ചെക്കൂട്ടിവൈദ്യരുടെ ശിഷ്യനും അദ്ദേഹവുമായി ദൈനംദിന ബന്ധമുള്ള വ്യക്തികൂടിയായിരുന്നു .
നോക്കോടി മന്ത്രം വലത്തുനിന്നും ഇടത്തോട്ടാണ് എഴുതിയതെന്നും കണ്ണാടിയിൽ കാണിച്ചാൽ മാത്രമേ ആ താളിയോല വായിക്കാനാവൂ എന്നും എന്റെ അച്ഛൻ എന്നോട് എത്രയോ മുൻപ് പറഞ്ഞതും ഞാൻ ഓർക്കുന്നു .
അച്ഛൻ മരിക്കുന്നതിന് അൽപ്പദിവസം മുൻപ് നോക്കോടി മന്ത്രം ചെക്കൂട്ടി വൈദ്യരുടെ മരണശേഷം മകളുടെ ഭർത്താവും ഓർക്കാട്ടേരിയിലെ പ്രഗല്ഭവൈദ്യനുമായ ഏറാമല കുമാരൻ വൈദ്യരുടെ കയ്യിലാണിപ്പോഴുള്ളതെന്നും എന്നോട് പറയുകയുണ്ടായി.
അച്ഛന്റെ നാൽപ്പത്തിയൊന്ന് അടിയന്തിരത്തിന് കുമാരൻ വൈദ്യരെ ക്ഷണിക്കാൻ ഓർക്കാട്ടേരിയിലെ മരുന്ന് ഷാപ്പിൽ ചെന്നപ്പോൾ അച്ഛൻ പറഞ്ഞ നോക്കൊടി മന്ത്രത്തിന്റെ വിവരങ്ങൾ കൂട്ടത്തിൽ ഞാൻ കുമാരൻ വൈദ്യരോട് സൂചിപ്പിക്കുകയുണ്ടായി.
കൂട്ടത്തിൽ എനിക്കിതൊന്ന് പഠിപ്പിച്ചുതരാമോ എന്നും ഞാൻ വിനയത്തോടെ ആവശ്യപ്പെട്ടു .
സംഗതി ശരിയാണ് .പക്ഷെ മറു മന്ത്രം എനിക്ക് കിട്ടിയിട്ടില്ല .അതുകൊണ്ടുതന്നെ ഞാനിത് പ്രയോഗിച്ച് നോക്കിയതേയില്ല എന്നും ആ നിലയിൽ നിങ്ങളെ പഠിപ്പിച്ചാൽ ഞാനും നിങ്ങളും ജയിലിൽ പോകേണ്ടിവരും ''-എന്നുപറഞ്ഞുകൊണ്ട് കുമാരൻ വൈദ്യർ ചിരിക്കുകയാണുണ്ടായത് .

ചെക്കൂട്ടിവൈദ്യർ കോഴിക്കോട് ആശുപത്രിയിൽ നിന്നുമാണ് നിര്യാതനായത് .മുക്കാളിയിലെയിലെത്തിച്ച മൃതദേഹം റയിൽ കടന്ന് തട്ടോളിക്കര കൊണ്ട് പോകാൻ വാഹന സൗകര്യമില്ലാത്ത കാലത്ത് മുക്കാളി നിന്നും സ്‌ട്രെച്ചറിൽ കിടത്തി ഞാനും ഡേബാർ കണാരൻ എന്നൊരാളും മറ്റുരണ്ടുപേരും ചേർന്ന് തോളിൽ തണ്ട് ചേർത്തി ചുമന്നുകൊണ്ടായിരുന്ന നല്ലൊരു ദൂരം താണ്ടി തട്ടോളിക്കരയിലെ വട്ടക്കണ്ടി എന്നവീട്ടിലെത്തിച്ചത് .
ചെക്കൂട്ടി വൈദ്യരുടെ മകനാണ് സ്ഥലത്തെ പ്രമുഖ ജ്യാതിഷ പണ്ഡിതനായ ജയൻ കണ്ണോത്ത് .
ചെറിയരാമൻ വൈദ്യർ ,ചോയി വൈദ്യർ ,കുഞ്ഞിക്കുട്ടി വൈദ്യർ ,ഇടവലക്കണ്ടി കുഞ്ഞിരാമൻ വൈദ്യർ ,ചന്ത്രോത്ത് കുഞ്ഞിരാമൻ വൈദ്യർ തുടങ്ങിയ ചിലരൊക്കെയായിരുന്നു ആദ്യകാലത്തെ ഇവിടുത്തെ ചികിത്സകർ .നാട്ടുകാർ ആശ്രയിച്ചതും ഇവരെയൊക്കെത്തന്നെ .

ഒടിവ് ചതവുകൾക്കായി കലന്തൻഗുരുക്കൾ ,കുന്നമ്പത്ത് നാരായണക്കുറുപ്പ് ,കുറിച്ചിക്കര ചോയിഗുരിക്കൾ മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കൾ തുടങ്ങിയ വിരലിലെണ്ണാവുന്നവരായിരുന്നു ആ കാലങ്ങളിൽ ഇവിടുത്തെ നാട്ടുചികിത്സക്കാർ .വിഷചികിത്സകയായി പുതിയപറമ്പത്ത് ജാനു .കണാരി വൈദ്യർ തുടങ്ങിയ ചിലർ .
ഇവരാരുംതന്നെ ഇന്ന് ജീവിച്ചിരിപ്പില്ല .

ഗുരുതരമായ അസുഖം ബാധിച്ചവരെ വീട്ടിലെത്തി പരിശോധിക്കാൻ മയ്യഴിയിൽ നിന്നും നാണുഡോക്റ്റർ ,വടകര നിന്നും ജമാലുദ്ധീൻ ഡോക്ടർ .പ്രസവക്കേസുകൾ അറ്റൻഡ് ചെയ്യാൻ വടകരയിലെ രത്നകുമാരി ഡോക്ടർ ,തലശ്ശേരിയിലെ ഡോക്ടർ ടി കെ നാരായണൻ തുടങ്ങിയ ഒരുകൂട്ടം പഴയകാല ഡോക്ടർമാർ വിളിപ്പുറത്തെത്തുമായിരുന്നു .കൂടെ ഒരസിസ്റ്റണ്ടും കാണും .അക്കാലത്ത് ഏതെങ്കിലും ഒരു വീട്ടിൽ ഡോക്ടർ എത്തിയാൽ അയൽക്കൂട്ടങ്ങൾ ഓടിക്കൂടുന്നതും രോഗിയെ പരിശോധിക്കുന്ന ഡോക്ടർമാർക്ക് ശല്യമാകാതെയുമല്ല .
ലേഡി ഡോക്ടർ വീട്ടിൽ ഏറെ സമയം ചിലവഴിച്ചുകൊണ്ടാവും പാതിരാത്രിയിലും മറ്റും കാത്തുനിന്ന് പ്രസവകേസുകൾ അറ്റൻഡ് ചെയ്‌തിരുന്നത് .കാർ വാടകയടക്കം അക്കാലത്ത് നൂറുരൂപ കൊടുത്താലായി .
.
മയ്യഴിയിലെ നാണു ഡോക്ടർ നടന്നുപോകുമ്പോൾ അക്കാലത്തെ ബർക്കിലി സിഗററ്റിന്റെ നല്ലൊരു സുഗന്ധം പരക്കുന്നത് ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ജനസമ്മതനും പ്രഗത്ഭനുമായിരുന്നു അദ്ധേഹം .
മാഹി ഹോസ്പ്പിറ്റലിൽ നിന്നുമെത്തുന്ന ആംബുലൻസ് ആകൃതിയിൽ ഒരു വലിയ പോലീസ് വാൻപോലെ തോന്നും .
ചെറിയ വാടകയേ വേണ്ടൂ .ഫോൺ സൗകര്യമില്ലാത്ത ആ കാലത്ത് ആംബുലൻസ് വിളിച്ചുകൊണ്ടുവരാൻ ഒരാൾ നേരിട്ട് മാഹി വരെ പോകണമായിരുന്നു .
മുക്കാളിയിൽ ഒരു കാറുപോലുമില്ലാത്ത കാലം .അത്യാവശ്യമായി രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരു ടാക്സികാർ വേണമെങ്കിൽ മുക്കാളിയിലെ ഉദാരമതിയും സൈക്കിൾ കടക്കാരനുമായ എം ആർ എസ്സ് കണാരേട്ടനെ ചെന്നുകണ്ട് വിവരം പറഞ്ഞാൽ മതി .
തലശ്ശേരിനിന്നും വടകരക്ക് പോകുന്ന ബസ്സിൽ ഡ്രൈവർ വശം കണാരേട്ടൻ ഒരു കുറിപ്പ് കൊടുത്തയക്കും .
വടകര സ്റ്റാൻഡിലെ കച്ചവടക്കാരനും ന്യുസ് ഏജന്റ് കൂടിയായ പി എം നാണുവിന്റെ പേരിൽ .
കുറിപ്പ് വായിച്ചാൽ പി എം നാണു എന്ന ആൾ വടകരനിന്നും മുക്കാളിക്ക് കാറയക്കും .അധികവും കോരമ്മോൻ കിട്ടൻ എന്ന ഒരാളായിരിക്കും കാറുമായെത്തുക.
പഴയ മോഡലിലുള്ള ഫോഡ് കാർ .
മുക്കാളി നിന്നും വടകരക്ക് ടാക്സി വാടക 6 രൂപ .പിൽക്കാലത്ത് ഈ ദൗത്യം ഏറ്റെടുക്കാൻ വടകര ശ്രീവാസ് ഇലക്ട്രിക്കൽസിലെ കെ ടി ചോയി എന്നൊരാൾ കൂടിയുണ്ടായി .

ആ കാലഘട്ടത്തിലാണ് മുക്കാളിയിൽ ആദ്യമായി ഒരു ഡോക്ടറുടെ ബോർഡ് ഉയരുന്നത് .
ഡോ .ടി .സഹദേവൻ .ചെക്കൂട്ടി വൈദ്യരുടെ അനുജനും സ്ഥലത്തെ പൗരമുഖ്യനും ആയുർവ്വേദ മരുന്നുശാല നടത്തുകയും ചെയ്യുന്ന ചന്തൻ വൈദ്യരുടെ മകനായിരുന്നു ഡോ .സഹദേവൻ .
മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിനും ചന്തൻ വൈദ്യരുടെയും വീടിനുമിടയിലുള്ള പറമ്പിൽ റോഡിനഭിമുഖമായുള്ള ഇരുനിലക്കെട്ടിടത്തിലാണ് അന്ന് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത് .താഴെ ഒരു ബേക്കറി ,തുണിക്കട
.
ഇംഗ്ളീഷ് മരുന്ന് ചികിത്സകനാവാൻ തുടങ്ങുന്നതിന് മുൻപ് സഹദേവൻ ഡോക്ടറെ കുറേക്കാലം എന്റെ അച്ഛൻ ചോയി വൈദ്യർ ആയുർവ്വേദം പഠിപ്പിച്ചിരുന്നതായും ഗുരുദക്ഷിണയെന്ന നിലയിൽ ചന്തൻ വൈദ്യർ അച്ഛന്റെ വിരലിലിട്ടുകൊടുത്ത സ്വർണ്ണ മോതിരം അച്ഛൻറെ വിരലിൽ കണ്ടത് എന്റെ കുട്ടിക്കാലത്തെ ഓർമ്മ.
രണ്ട് രൂപ കൂടിയാൽ നാല് .അഞ്ച് രൂപ അപൂർവ്വം അതായിരുന്നു ഇവിടങ്ങളിൽ അന്നത്തെ അക്കാലത്തെ ഡോക്റ്ററുടെ ഫീസ് .
രോഗികൾ പലരും നാട്ടുകാരനായതുകൊണ്ടും അയൽവാസികളായതുകൊണ്ടും തന്നെ പലരിൽ നിന്നും തുടക്കത്തിൽ സഹദേവൻ ഡോക്ടർക്ക്‌ കൃത്യമായി ഫീസ് കിട്ടിയില്ലെന്നതും സത്യം .
ചോദിച്ച് വാങ്ങുന്ന പതിവും മിതഭാഷിയായ അദ്ദേഹത്തിനില്ലായിരുന്നു .
ഡോക്റ്ററെ കാണാൻ പോകുമ്പോൾ മിക്‌സ്ച്ചർ എന്ന കുപ്പിമരുന്നിനായി അക്കാലത്ത് കുപ്പി കരുതണം .
കുപ്പിയുടെ ഒരുവശത്ത് കാൽ ഇഞ്ച് വീതിയിലുള്ള കടലാസ് മടക്കി സമഭാഗങ്ങളാക്കി മുറിച്ചു ഒട്ടിച്ചിരിക്കും .ഓരോ അടയാളം നോക്കി മരുന്നെടുക്കാൻ .
മരുന്നെടുക്കുന്നതിനു മുൻപ് കുപ്പികുലുക്കുക എന്ന് ലേബലിന് പുറത്ത് എഴുതിയിരിക്കും .
നെഞ്ചിലും പുറത്തും വിസ്‌തരിച്ചതോതിൽ ഡോക്റ്റർ സ്റ്റെതസ്കോപ്പ് വെച്ചാൽ രോഗം പകുതിയും മാറി എന്ന നിലയിലായിരിക്കും ചിലരോഗികളുടെ മുഖം കണ്ടാൽ തോന്നുക .

സഹദേവൻ ഡോക്ട്ടറുടെ ക്ലിനിക്കിൽ മുഖ്യ സഹായികളായി ഗോവിന്ദൻ ,ഒപ്പം ഓസി എന്ന കൃസ്ത്യൻ ചെറുപ്പക്കാരൻ .

ഏറെക്കാലം സഹദേവൻ ഡോക്ടർ തന്നെയായിരുന്നു നാട്ടുകാരിൽ രോഗികളായുള്ളവരുടെ രക്ഷകൻ .കാണപ്പെട്ട ദൈവം .
വീടുകളിൽ പരിശോധനക്ക് പോകണം .ചിലേടങ്ങളിൽ നാട്ടിടവഴികളിലെ വെള്ളത്തിലൂടെ നടന്നുപോകേണ്ടതായും വരും .
സഹദേവൻ ഡോക്റ്റർ മുക്കാളിയിൽ പ്രാക്റ്റീസ് തുടങ്ങിയ സമയത്ത് ആദ്യമായി ഇഞ്ചക്ഷൻ ചെയ്‌തതാവട്ടെ തൊട്ടടുത്ത വീട്ടിലെ മുല്ലപ്പള്ളി ഗോപാലൻ എന്നവരുടെ മകൻ രാമചന്ദ്രൻ എന്ന കൊച്ചുകുട്ടിക്ക് .കാലാന്തരത്തിൽ ഞങ്ങളുടെ നാടിന്റെ അഭിമാനവും പരമോന്നത വ്യക്തിത്വവുമായി മാറിയ ശ്രീ .മുല്ലപ്പള്ളി രാമചന്ദ്രൻ തൻറെ കുട്ടിക്കാലത്തെ ഓർമ്മകളിലെ സഹദേവൻ ഡോക്ടറെക്കുറിച്ച് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി വാചാലനാവുകയായിരുന്നു ഈ അടുത്ത ദിവസം .
ഒപ്പം തൊട്ട അയൽക്കാരനായ ഡോ .പ്രേംകുമാറിനെക്കുറിച്ചും അദ്ദേഹം അഭിമാനപൂർവ്വം പറയുകയുണ്ടായി .

വൈദ്യശാസ്ത്രത്തിൻറെ ആധികാരിക പഠനമോ ഡിഗ്രിയോ ഡിപ്ലോമയോ ഒന്നുമില്ലാതെ ചികിത്സാരംഗത്ത് ചുവടുറപ്പിക്കാൻ മിടുക്കുള്ളവർ പലേടങ്ങളിലും ചേക്കേറിയപോലെ പോയ കാലങ്ങളിൽ ചോമ്പാലയിലും അത്തരക്കാർ വേരുറപ്പിച്ചിരുന്നുവെന്നതും കൂട്ടത്തിൽ പറയാതെ വയ്യ .

മാഹി ഗവ .ഹോസ്‌പിറ്റലിൻറെ ഡെപ്യുട്ടി ഡയറക്റ്ററും ചോമ്പാലയിലെ സമകാലിക സമൂഹത്തിൻറെ ജനപ്രിയ ഡോക്റ്ററുമാണ് ഇന്ന് ഡോ .പ്രേംകുമാർ എന്ന മുക്കാളിക്കാരൻ .
''ഉണ്ണിഡോക്റ്റർ'' എന്ന് നാട്ടുകാർ ഓമനപ്പേരിട്ടുവിളിക്കുന്ന ചോമ്പാലയിലെ ഡോ.പ്രേംകുമാർ.
''നാട്ടുകാരുടെ ആരോഗ്യ സംരക്ഷകൻ '' എന്ന് കൃതജ്ഞതാപൂർവ്വം അദ്ദേഹത്തെ
അദ്ദേഹത്തിൻറെ അമ്മാവനായിരുന്നു മുക്കാളിയിലെ ആദ്യത്തെ അലോപ്പതിചികിത്സകൻ
ഡോ .സഹദേവൻ .
സഹദേവൻ ഡോക്റ്ററുടെ മകനാണ് ഡോ .സജീഷ് സഹദേവൻ .
സഹദേവൻ ഡോക്‌റ്ററുടെ ജ്യേഷ്ട്ടന്റെ മകനാണ് ഡോ .മനോജ് കുമാർ .
ഡോ .പ്രേംകുമാറിൻറെ മക്കൾ സാന്ദ്ര ,സഞ്ജയ് രണ്ടുപേരും ഡോക്റ്റർമാർ.
ഡോ .പ്രേംകുമാറിൻറെ സഹോദരൻ പ്രസാദ് ആയുർവ്വേദ ഡോക്റ്റർ .
സഹോദരിയുടെ മകളും ഡോക്റ്റർ.
ചന്തൻ വൈദ്യരുടെ ജ്യേഷ്ട്ടൻ ചെക്കൂട്ടി വൈദ്യരുടെ മകൻ മടപ്പള്ളി ടൂറ്റോറിയൽ പ്രിൻസിപ്പാൾ വട്ടക്കണ്ടി ബാലൻമാസ്റ്ററുടെ മകനാണ് ചോമ്പാലയിലെ ഹോമിയോ ചികിത്സയിൽ തൽപ്പരരായവരുടെ പ്രിയങ്കരനായ ഇവിടുത്തെ ഡോക്ടർ വി. സുദിൻകുമാർ .
നല്ലൊരു ഗായകനും ഫോട്ടോഗ്രാഫറും കൂടിയാണ് ഡോ .വി,സുദിൻകുമാർ .
കൊറോണകാലത്ത് ധാരാളം പേർക്ക് അദ്ദേഹം പഞ്ചായത്ത് മുഖേന സൗജന്യമായി പ്രതിരോധ മരുന്ന് നൽകാനും മറന്നില്ല .
സുധിൻഡോക്റ്ററുടെ മകൾ നിധിസുദിനും ഡോക്റ്റർ പദവിയിൽ അച്ഛന്റെ പാരമ്പര്യത്തിലേക്ക് നടന്നടുക്കുന്നു .
ചെക്കൂട്ടി വൈദ്യരുടെ മകൾ നളിനിയുടെ മകൾ ലമിതയും ഡോക്റ്ററാണ് .

ചുരുക്കിപ്പറഞ്ഞാൽ നൂറ്റാണ്ടിനോളമെത്തുന്ന കാലത്ത് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ നെഞ്ചിലേറ്റി ശുഭാരംഭം കുറിച്ച വൈദ്യശുശ്രുഷാ കർമ്മം തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈത്തിരിനാളം പകരുന്നതോതിലുള്ള കൈമാറ്റത്തിൻറെ തറവാട്ട് മഹിമയിൽ അഭിമാനിക്കുന്ന നാട്ടുകാരാണിവിടുത്തുകാർ .
.അതുതന്നെയാണ് ചികിത്സാരംഗത്തെ ചോമ്പാൽ പെരുമ !
മുക്കാളിയിൽ വി ആർ കൃഷ്‌ണൻ ഡോക്റ്റർ. മീത്തലെ മുക്കാളിയിൽ ചന്ദ്രൻ ഡോക്റ്റർ .നാരായണൻ ഡോക്ടർ ,വടക്കേമുക്കാളിയിൽ രാമകൃഷ്‌ണൻ ഡോക്ടർ ,ഹരിദാസൻ ഡോക്ടർ ,കുഞ്ഞിപ്പള്ളിയിൽ കീര്യാട്ട് രാമകൃഷ്‌ണൻ ഡോക്റ്റർ ,കൊളരാട് തെരുവിലെ സഹകരണ ആശുപത്രിയിലെ ഡോ .മണിമല്ലിക, ഡോ .രാജീവൻ ,ഡോ .ഉഷ അങ്ങിനെ നീളുന്നു ഇവിടുത്തെ ഡോക്ടർമാരുടെ നീണ്ട നിര .
ചോമ്പാലയിൽ ഒരു സഹകരണആശുപതി സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ നിസ്വാർത്ഥനും സാത്വീകനുമായ രാഷ്ട്രീയക്കാരൻ കെ .എ .നാരായണൻറെ സ്വപ്‌നഭൂമിയാവട്ടെ വൃദ്ധിക്ഷയങ്ങളുടെ അവസ്ഥാന്തരത്തിൽ .ചോമ്പാൽ സഹകരണ ആശുപത്രിയുടെ ആംബുലൻസ് തുരുമ്പ് പിടിച്ച് എവിടെയോ മണ്ണായി കിടക്കുന്നു .
.ഏതു പാതിരാത്രിയിലും പെരുമഴയത്തും രോഗികളെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചാൽ ഉറക്കപ്പായിൽനിന്നായാലും വേണ്ടില്ല ചാടിയെണീറ്റ് ഞൊടിയിടയിൽ വിളിപ്പുറത്തെത്തുന്ന എം ആർ എസ് അശോകൻ , വെങ്ങാട്ട് ബാബു ,ആയിക്കരയിലെ ബാലൻ തുടങ്ങിയ ഒരുകൂട്ടം നല്ലമനസ്സുള്ള ടാക്സി ഡ്രൈവർമാർ നന്മയുടെ നേർക്കാഴ്ച്ചകൾ പോലെ ഇവിടെയുണ്ട് . ഡോക്ടേഴ്‌സ് ഡേ യിൽ കൃതജ്ഞതാനിർഭരമായ മനസ്സോടെ നമുക്കിവരെക്കൂടി സ്‌മരിക്കാം .ഒപ്പം ചെക്കൂട്ടി വൈദ്യരേയും .
With Pranams,
Divakaran Chombala.
Mob: 9895745432

English Summary: Doctors day on july one - celebrate it
Published on: 30 June 2022, 11:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now