ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം-2005: സാധ്യതകളും പരിമിതികളും’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അധ്യക്ഷ.
കൂടുതൽ വാർത്തകൾ: ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭിക്കും...കൂടുതൽ വാർത്തകൾ
"കമ്മീഷന് ലഭിക്കുന്ന പരാതികളിൽ ഏറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. നമുക്ക് നിയമങ്ങളുടെ അപര്യാപ്തയില്ല. കൂടുതൽ കർക്കശമായ നിയമം മാത്രം ഉണ്ടാക്കിയിട്ട് കാര്യമില്ല. അത് നടപ്പാക്കുക കൂടി വേണം. സഹജീവികളായ സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമം അതിന്റെ കൃത്യതയിൽ നടപ്പാക്കുന്നു എന്ന് സമൂഹം ഉറപ്പുവരുത്തേണ്ടതുണ്ട്", കമ്മീഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.
"നവകേരളം സ്ത്രീപക്ഷം ആയിരിക്കണം. ജോലി സ്ഥലത്തെ അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന പോഷ് ആക്ട് നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അതിക്രമങ്ങൾക്ക് പരിഹാരം ഉണ്ടായില്ല. അതിനാലാണ് വിമൻ ഇൻ സിനിമ കളക്ടീവിന് (ഡബ്ല്യു.സി.സി) വനിതാ കമ്മീഷനെ സമീപിക്കേണ്ടി വന്നത്. ഈ വിഷയത്തിൽ കമ്മീഷൻ നല്ല രീതിയിൽ കോടതിയിൽ കക്ഷിചേരുകയും സിനിമ ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്റേണൽ കംപ്ലേന്റ്‌സ് കമ്മിറ്റി രൂപീകരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു, അവർ പറഞ്ഞു.
ലിവിംഗ് ടുഗദർ റിലേഷനിലും ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. വനിതാ കമ്മീഷൻ പ്രഥമ ഡയറക്ടറും മുൻ ഡി.ജി.പിയുമായ അലക്‌സാണ്ടർ ജേക്കബ്ബ് ക്ലാസെടുത്തു. കേരളത്തിൽ ആകെ ഉണ്ടാകുന്ന ഗാർഹിക പീഡനങ്ങളിൽ 0.4 ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നുതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഭ്യസ്തവിദ്യർക്കിടയിലാണ് ഗാർഹിക പീഡനങ്ങൾ കൂടുതലെന്ന് പഠനം തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 5,000 ഗാർഹികപീഡന കേസുകൾ വർഷംതോറും റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത 2019, 2020 വർഷങ്ങളിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണം 8,500 ആയി ഉയർന്നതായി അദ്ദേഹം പറഞ്ഞു.