പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കവർ, കുപ്പി തുടങ്ങിയ 20 ഇനം അജൈവ മാലിന്യങ്ങൾക്ക് സർക്കാരിന് കീഴിലുള്ള ക്ലീൻ കേരള കമ്പനി അടിസ്ഥാനവില നിശ്ചയിച്ചു.
ഇവ ശേഖരിച്ച് എത്തിക്കുന്ന സംസ്ഥാനത്തെ മുപ്പതിനായിരത്തിൽപരം ഹരിത കർമസേനാംഗങ്ങൾക്ക് പ്രതിഫലം നൽകാനാണ് വില നിശ്ചയിച്ചത്. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കിലോഗ്രാമിന് 18 രൂപ വരെ ലഭിക്കും.
ഉപയോഗിച്ച പാൽ കവറുകൾ കിലോയ്ക്ക് 12 രൂപയും പ്ലാസ്റ്റിക് മദ്യക്കുപ്പിക്കുപ്പികൾക്ക് 12 രൂപയുമാണ് ലഭിക്കുക. ഓരോ ചില്ലു കുപ്പിക്കും ഒരു രൂപ വീതവും ലഭിക്കും.
ഒരു സർക്കാർ സ്ഥാപനം അജൈവ മാലിന്യങ്ങൾക്ക് തറവില നിശ്ചയിക്കുന്നത് ഇതാദ്യമാണ്. പാഴ്‌വസ്തുക്കൾ അട്ടിയാക്കി തിരിച്ചതിനും (ബെയിൽഡ്) അല്ലാത്തവയ്ക്കും പ്രത്യേക വിലയാണ് ലഭിക്കുക.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച് ഈർപ്പമില്ലാതെയും വൃത്തിയായും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റിയിലേക്കാണ് (എംസിഎഫ്) ഹരിത കർമസേനാംഗങ്ങൾ എത്തിക്കുക.
ക്ലീൻ കേരള കമ്പനി ഇവ വിലയ്ക്ക് വാങ്ങി പുനരുപയോഗ സാധ്യത നോക്കി വിവിധ ഏജൻസികൾക്ക് വിൽക്കും.
597 പഞ്ചായത്തുകൽ, മൂന്ന് കോർപറേഷനുകൾ ഉൾപ്പെടെ 60 നഗരസഭകൾ എന്നിവിടങ്ങളിൽനിന്നായി കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ കമ്പനി ശേഖരിച്ച അജൈവ മാലിന്യത്തിന്റെ അളവും ഇനവും കണക്കാക്കി പ്രതിഫലത്തുക ഈ മാസം 26 ന് കൈമാറും.
തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്ന മുഴുവൻ തുകയും ഹരിത കർമസേനാംഗങ്ങൾക്കുള്ളതാണ്.
പ്രധാന പാഴ്‌വസ്തുക്കളുടെ വില (കിലോഗ്രാമിന്) അട്ടിയാക്കിയത്, അല്ലാത്തവ എന്ന ക്രമത്തിൽ തരംതിരിച്ചിരിക്കുന്നു.
- കട്ടി പ്ലാസ്റ്റിക് –18 രൂപ/6 രൂപ
- പെറ്റ് ബോട്ടിൽ 15/12
- പ്ലാസ്റ്റിക് മദ്യക്കുപ്പി 12/10
- പാൽ കവർ 12/10
- പഴയപത്രങ്ങൾ 8/6
- കാർഡ്ബോർഡ് 4/3
- നോൺ വുവൻ ബാഗുകൾ 5/3
- ബിബി (മിക്സ് പേപ്പർ) ബാഗുകൾ പോലുള്ളവ 5/4
- ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന പോളിപ്രൊപ്പിലീൻ കണ്ടെയ്നറുകൾ 15/10
- കോസ്മറ്റിക് വസ്തുക്കളും എണ്ണയും മറ്റും സൂക്ഷിക്കുന്ന എച്ച്ഡിപി (ഹൈ ഡെൻസിറ്റി പോളിഎത്തിലിൻ) കുപ്പികൾ 17/15
- പ്ലാസ്റ്റിക് ചരടുകളും വാഹനഭാഗങ്ങളും നിർമിക്കുന്ന പോളിപ്രൊപ്പിലീൻ 15/10
- അലുമിനിയം കാൻ 40/30
- സ്റ്റീൽ 20/15
- പാഴ് ഇരുമ്പു വസ്തുക്കൾ 15 രൂപ
- ചില്ലു മാലിന്യം 0.75 രൂപ