കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്ക് തപാൽ വകുപ്പിന്റെ വാതിൽപ്പടി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനം വ്യാപിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ തീയതിയ്ക്കകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല; വിശദ വിവരങ്ങളറിയാം
80 വയസ്സിന് താഴെയുള്ളവർക്ക് 2022 നവംബർ 1 മുതൽ ഇത് ലഭ്യമാകും. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ പെൻഷൻകാർക്കുള്ള ബയോമെട്രിക് ഡിജിറ്റൽ സേവനമാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി/ജീവൻ പ്രമാൺ). നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി പെൻഷൻകാർ പെൻഷൻ വിതരണ ഏജൻസിയുടെ ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) വാഗ്ദാനം ചെയ്യുന്ന വാതിൽപ്പടി സേവനമാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്.
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്, അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയോ അല്ലെങ്കിൽ തപാൽ വകുപ്പിൽ ഒരു സേവന അഭ്യർത്ഥന നൽകുകയോ വാതിൽപ്പടി സേവനത്തിനായി 'പോസ്റ്റ് ഇൻഫോ' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുകയോ ചെയ്യാം. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുന്നതിന് 70 രൂപയാണ് ഫീസ്. അപേക്ഷകനെ അടുത്തുള്ള പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, തന്നിരിക്കുന്ന വിലാസത്തിൽ സന്ദർശിക്കും. വാതിൽപ്പടി സേവനത്തിന് അധിക തുക ഈടാക്കില്ല.
പെൻഷൻകാർ ആധാർ നമ്പറും പെൻഷൻ വിശദാംശങ്ങളും നൽകണം. സർട്ടിഫിക്കറ്റ് ജനറേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ, പെൻഷൻകാർക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും, കൂടാതെ https://jeevanpramaan.gov.in/ppouser/login- ൽ നിന്ന് സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയും.