1. മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി.ആർ. അനിൽ അറിയിച്ചു. സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ ഇതുവരെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള ഇ-കെവൈസി അപ്ഡേഷനും നടത്തി വരുന്നുണ്ട്. സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച ഇ-കെവൈസി അപ്ഡേഷനാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.
2. മില്ലറ്റ് കൃഷിക്ക് നേതൃത്വം നൽകാൻ തയ്യാറുള്ള കർഷകർക്കായി നബാർഡിന്റെ സഹായത്തോടെ ഡിസംബർ 20, 21 തീയതികളിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ശാന്തിഗ്രാം മില്ലറ്റ്സ് & വെൽനസ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 1 മുതൽ 21 വരെ നടത്തിവരുന്ന മില്ലറ്റ് ബോധന യജ്ഞത്തിന്റെ സമാപന പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9072302707 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അതേസമയം, ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും പ്രവചനത്തിൽ പറയുന്നു. ഇന്ന് മധ്യ, തെക്കൻ ജില്ലകളിലും നാളെ മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. എന്നാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് നിലവിലെ മുന്നറിയിപ്പ്. ഇന്ന് തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനിൽക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.