ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം പുന:സ്ഥാപിച്ചതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. തടസപ്പെട്ട റേഷൻ വിതരണം ഇന്നുമുതൽ നടക്കും. വിതരണം സുഗമമാക്കുന്നതിനായി റേഷൻ കടകളിൽ പുതിയ സമയക്രമം ഉണ്ടായിരിക്കും. ജില്ല തിരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾ: കൊമ്പന്മാരുടെ ഫിറ്റ്നസ് പരിശോധന; മൃഗസംരക്ഷണ - വനം വകുപ്പുകൾ സജ്ജം
ജില്ല തിരിച്ചുള്ള സമയക്രമം ഇങ്ങനെ..
രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലും റേഷൻ വിതരണം നടക്കും. മെയ് 3 വരെ ഈ സമയക്രമം തുടരും. ഏപ്രിലിലെ റേഷൻ വിതരണം മെയ് 5 വരെ ഉണ്ടായിരിക്കും. മെയ് മാസത്തെ റേഷൻ വിതരണം ആറാം തീയതി തുടങ്ങും.
സെർവർ തകരാർ മൂലം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ ഇതോടെ പൂർത്തിയാക്കി. എൻ.ഐ.സി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് ഡാറ്റ മാറ്റിയത്. ഇതിനുശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി. ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനൽകി.
അതേസമയം, സെർവർ തകരാർ പരിഹരിക്കാനാണ് റേഷൻ കടകൾ അടച്ചിട്ടതെന്നും, സംഭവത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ‘ഒപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തലശ്ശേരി ചിറക്കരയിലെ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണ് സെർവറിന്റെ സാങ്കേതിക മേൽനോട്ട ചുമതലയെന്നും മന്ത്രി കൂട്ടിച്ചേർത്തു.