ആലപ്പുഴ: വയോജനങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യം വെച്ച് വയോജന കമ്മിഷന്‍ വിഭാവനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. കിടപ്പ് രോഗികളായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പ് നിര്‍മിച്ച സാന്ത്വനതീരം സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കിടപ്പ് രോഗികളായ 25 വയോജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
ശാരീരികവും മാനസികവുമായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന വയോജനങ്ങള്‍ക്ക് പരാതികള്‍ കൊടുക്കുന്നതിന് റവന്യൂ ഡിവിഷന്‍ ഓഫീസര്‍മാരുടെ അധ്യക്ഷതയില്‍ 27 റവന്യൂ മെയിന്റനന്‍സ് ട്രിബ്യൂണല്‍ സംവിധാനം നിലവിലുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ വായോമിത്രം പദ്ധതിയിലൂടെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും വാതില്‍പ്പടി സേവനം ലഭ്യമാണ.് ഇത് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ പെയ്ഡ് ഹോം സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ 16 സര്‍ക്കാര്‍ ഹോമുകളും സര്‍ക്കാര്‍ ഗ്രാന്റ്് കൊടുക്കുന്നതും കൊടുക്കാത്തതുമായ 600-ല്‍ പരം സ്ഥാപനങ്ങളും വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു. സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ് സമ്പൂര്‍ണ്ണ വയോജന പുനരധിവാസം നടപ്പാക്കേണ്ടത്. പല്ല് നഷ്ടപ്പെടുന്ന വയോജനങ്ങള്‍ക്ക് മന്ദഹാസം പദ്ധതിയിലൂടെ പല്ലുകള്‍ വെച്ച് കൊടുക്കുന്ന പദ്ധതിയും നടപ്പാക്കിവരുന്നു. ഓര്‍മ്മക്കുറവ് ബാധിച്ച വയോജനങ്ങളുടെ സമ്പൂര്‍ണ്ണ പുനരധിവാസത്തിന് ഓര്‍മ്മത്തോണി പദ്ധതിയിലൂടെ ഓര്‍മ്മ ക്ലിനിക്കുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ നടന്നു വരുന്നെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി വിശിഷ്ടാതിഥിയായി. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ജില്ല സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സന്തോഷ്, സാന്ത്വന തീരം സൂപ്രണ്ട് ഇന്‍ ചാര്‍ജ് വിജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹന്‍കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ഗ്രാമപഞ്ചായത്ത് അംഗം റെജിമോന്‍,ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങള്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.