ഖരമാലിന്യത്തില്‍നിന്ന് ഊര്ജോല്പാദനം ലക്ഷ്യമിട്ട് ഏഴ് ജില്ലകളില്‍ കേന്ദ്രീകൃത പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് മലപ്പുറം, കണ്ണൂര്‍ എന്നിവയാണ് ജില്ലകള്‍.തദ്ദേശസ്ഥാപനങ്ങള്‍ അടക്കമുള്ളവയുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെ നിശ്ചയിച്ച് ഡിസംബര്‍ 17ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എം.എസ് ഓര്‍ഗാനിക് റീസൈക്ലിങ് സിസ്റ്റംസ് എന്ന കമ്പനിക്കാണ് പാലക്കാട് കഞ്ചിക്കോട്ടും കണ്ണൂരിലും സ്ഥാപിക്കുന്ന പ്ലാന്റുകളുടെ നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്.
ഇരുപദ്ധതികള്‍ക്കും 120 കോടി മുതല്‍ 150 കോടി വരെയാണ് ചെലവ് കണക്കാക്കുന്നത്. കഞ്ചിക്കോട് പ്ലാന്റ് നിര്‍മാണത്തിനായുള്ള കണ്ടെത്തിയ ഭൂമി ഉടന്‍ കമ്പനിക്ക് കൈമാറും.പ്ലാന്റുകളുടെ രൂപരേഖ, നിര്‍മാണം, സാമ്പത്തിക സഹായം, പ്രവര്‍ത്തനം, കൈമാറ്റം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാവും നടപ്പാക്കുക.കഞ്ചിക്കോട്ടും കൊല്ലത്തും നിര്‍മിക്കുന്ന പ്ലാന്റുകള്‍ സംബന്ധിച്ച കരാര്‍ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉപദേശക സമിതി യോഗത്തില്‍ അംഗീകരിച്ചതായി തദ്ദേശഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.18 മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.