Updated on: 20 June, 2023 5:49 PM IST
Ente Bhumi integrated portal system will be launched next month


സംസ്ഥാനത്തെ 15 വില്ലേജുകളില്‍ എന്റെ ഭൂമി എന്ന പേരില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം അടുത്ത മാസം ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ഏലൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ പോര്‍ട്ടലായ റിലീസ്, സര്‍വ്വേ വകുപ്പിന്റെ പോര്‍ട്ടലായ ഇ- മാപ്പ് ഇവയെല്ലാം സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം ഒരുങ്ങുന്നത്. 14 ജില്ലകളില്‍ ഓരോ വില്ലേജുകളിലും നെയ്യാറ്റിന്‍കരയിലെ ഒരു വില്ലേജും ചേര്‍ത്താണ് 15 വില്ലേജുകളില്‍ ആദ്യഘട്ടത്തില്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സാധ്യമാക്കുന്ന വിധത്തില്‍ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഭൂമിക്ക് രേഖയുണ്ടാക്കി കൊടുക്കുക എന്ന വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് റവന്യൂ, സര്‍വ്വേ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. 1965ല്‍ റീ സര്‍വ്വേ നടപടികള്‍ ആരംഭിച്ചുവെങ്കിലും 925 വില്ലേജുകളിലാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതില്‍ 95 എണ്ണത്തില്‍ മാത്രമാണ് ഡിജിറ്റലായി അളക്കാന്‍ സാധിച്ചിട്ടുള്ളത്. 21 എണ്ണത്തിന്റെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നു. നാലു വര്‍ഷത്തിനകം 1,550 വില്ലേജ് ഓഫീസുകളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

2022 നവംബര്‍ ഒന്നിന് ഡിജിറ്റല്‍ റീസര്‍വേയുടെ ഔപചാരിക ഉദ്ഘാടനം നടന്ന് ഒമ്പതുമാസം പിന്നിടുമ്പോള്‍ 92000 ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി. 848.47 കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ റീസര്‍വയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും സ്മാര്‍ട്ട് ആവണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സേവനങ്ങളും ലഭ്യമാകണം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ അദാലത്തുകളില്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്ന പരാതികളാണ് തീര്‍പ്പാക്കിയത്. ഒറ്റ തവണ കൊണ്ട് അദാലത്ത് തീരുന്നില്ല, ഇതിന്റെ പുരോഗതി അടുത്ത മാസം വിലയിരുത്തും. സെപ്റ്റംബറില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ മേഖല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഏലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് നില്‍ക്കുന്ന വാട്ടര്‍ മെട്രോ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഓപ്പറേഷന്‍ വാഹിനിയുടെ പ്രവര്‍ത്തനങ്ങളും കളമശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ശുചിത്വത്തിന് ഒപ്പം കളമശ്ശേരിയുടെ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏലൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി സുജില്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാന്‍, പറവൂര്‍ തഹസില്‍ദാര്‍ കെ.എല്‍ അംബിക, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ റോബര്‍ട്ട് വി തോമസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാ ബാബു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഷെനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അംബിക ചന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി.എ ഷെഫീഖ്, മരാമത്ത്കാര്യ അധ്യക്ഷ ദിവ്യ നോബി, വിദ്യാഭ്യാസകാര്യ അധ്യക്ഷന്‍ പി.ബി രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ സാജു തോമസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: എൻഡിഡിബിയുമായി സഹകരിച്ച് 250 കോടി രൂപയുടെ പാൽ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്

English Summary: Ente Bhumi integrated portal system will be launched next month
Published on: 20 June 2023, 05:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now