ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും മീനിന്റെയും ഗുണമേന്മ അളക്കാനുള്ള ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (ഐ.സി.എ.ആര്‍. സിഫ്റ്റ്). മീനിലെ മായം കണ്ടെത്താൻ ഉപയോഗിക്കുന്ന സ്ട്രിപ്പിന് സമാനമായ രീതിയിലാണ് പുതിയ ഉപകരണവും. പാക്ക് ചെയ്ത മീൻപോലും പഴയതും പുതിയതുമായി വേർതിരിക്കാൻ സാധിക്കുന്ന ‘ഫ്രഷ്‌നെസ് ഇൻഡിക്കേറ്റർ’ ആണ് ഇതിൽ മുഖ്യം. മീനിന്റെ ശുദ്ധതയ്ക്കനുസരിച്ച്.സ്ട്രിപ്പിന്റെ നിറം മാറും. മഞ്ഞ നിറമാണ് ശുദ്ധതയുടെ അടിസ്ഥാനം. ഇത് ചുവപ്പോ കാപ്പിക്കളറോ ആകുകയാണെങ്കിൽ പഴകിയതാണെന്ന് തിരിച്ചറിയാൻ സാധിക്കും.മത്സ്യഫെഡ് ഔട്ട്‌ലെറ്റ് വഴി ഇവയ്ക്ക് പ്രചാരം നൽകാനാണ് തുടക്കത്തിൽ ഉദ്ദേശിക്കുന്നത്.
ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മ അളക്കുന്ന ‘ടൈം ടെംപറേച്ചർ ഇൻഡിക്കേറ്ററും’ സിഫ്റ്റ് വികസിപ്പിക്കുന്നുണ്ട്.ശീതീകരണത്തിലെ പ്രശ്നങ്ങൾമൂലം അന്തരീക്ഷത്തിൽനിന്ന് വിഷാംശങ്ങൾ ഭക്ഷ്യവസ്തുക്കളിൽ കയറും. ഇവ ചെറിയ രീതിയിലായാൽപ്പോലും ദോഷകരമാണ്. ഈ .സ്ട്രിപ്പ് ഉപയോഗിച്ച് ഇതിന്റെ മേന്മ തിരിച്ചറിയാനാകും. ഈ രണ്ട് ഉത്പന്നങ്ങളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിപണിയിൽലഭിക്കും.