രൂക്ഷമായ മഴക്കെടുതി ദുരിതം വിതച്ച എടത്തിരുത്തി പഞ്ചായത്തിലെ കാര്‍ഷിക അതിജീവനത്തിനായി മാണിയംതാഴത്ത് നിലമൊരുക്കല്‍. പഞ്ചായത്തിന്റേയും കൃഷിഭവന്റേയും മേല്‍നോട്ടത്തില്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് കൃഷിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിലമൊരുക്കല്‍. എടത്തിരുത്തിയിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ മാണിയംതാഴത്തെയാണ് പഞ്ചായത്ത് അതിജീവനത്തിന്റെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്.
മഴക്കെടുതിയെ തുടര്‍ന്ന് വന്‍ നഷ്ടമാണ് മേഖലയിലെ കാര്‍ഷിക രംഗത്ത് സംഭവിച്ചത്. ഇതില്‍ നിന്നുള്ള കരകയറ്റത്തിനുള്ള പ്രാരംഭ നടപടിയായാണ് മാണിയംതാഴത്ത് കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 70 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാണിയംതാഴം പാടശേഖരത്തിലെ 10 ഏക്കറിലാണ് ചേക്കപ്പുല്‍ നീക്കം ചെയ്ത് നിലമൊരുക്കുന്നത്. എടത്തിരുത്തി, പൈനൂര്‍, മാണിയംതാഴം എന്നിങ്ങനെ മൂന്ന് പാടശേഖര സമിതികളാണ്പഞ്ചായത്തിലുള്ളത്. ഇത്തവണ വിവിധ കര്‍ഷകകൂട്ടായ്മകളുടെ നേതൃത്വത്തിലാണ് വീണ്ടും കൃഷിയിറക്കുന്നത്. സാമ്ബ്രദായിക രീതിയിലുള്ള ഇരിപ്പൂ കൃഷിയാണ് ഇവിടെ നടത്താറുള്ളത്. പാടശേഖരങ്ങള്‍ക്ക് സമീപം കനോലി കനാലായതിനാല്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ ബണ്ട് കെട്ടി സുരക്ഷിതമാക്കലാണ് നിലമൊരുക്കലിന്റെ അടുത്ത ഘട്ടം.
ജനുവരി ആദ്യവാരത്തില്‍ തന്നെ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് എടത്തിരുത്തിയിലെ കര്‍ഷകര്‍. പഞ്ചായത്ത്, പാടശേഖരസമിതി, കൃഷിഭവന്‍ എന്നിവരുടെ പൂര്‍ണ പിന്തുണയോടെയാണ് കൃഷി. കൃഷിയ്ക്ക് വേണ്ട വിത്തും വളവുമെല്ലാം കൃഷിഭവനില്‍ നിന്ന് നല്‍കും.