1. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള സർവീസ് ക്യാമ്പിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു. ചേർത്തല എൻ.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിന് ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗ്ഗവൻ അധ്യക്ഷത വഹിച്ചു. പ്രവർത്തനരഹിതമായ കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താൻ ഓരോ ജില്ലയിലും 20 സർവീസ് ക്യാമ്പുകൾ നടത്തുമെന്നും സംസ്ഥാനത്ത് ഇങ്ങനെ 280 സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്കാവശ്യമായ ചെറിയ സ്പെയർ പാർട്ട്സുകൾക്ക് ബിൽ തുകയുടെ പൂർണ്ണമായോ 25 ശതമാനം സബ്‌സിഡി ആയോ മാനദണ്ഡങ്ങൾക്കു വിധേയമായി ധനസഹായം നൽകുന്നുണ്ട്. ഒരു സർവ്വീസ് ക്യാമ്പിന് 23,000 രൂപ കർഷകർക്ക് ധനസഹായമായി നൽകത്തക്ക രീതിയിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കർഷകർക്കും കർഷക സംഘങ്ങൾക്കും പാടശേഖര സമിതികൾക്കും ഉൾപ്പെടെ ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടാവുന്നതാണ്.
2. കൃഷി വകുപ്പിന്റെ മില്ലെറ്റ് കഫേ പദ്ധതിയിൽ പാചക മേഖലയിൽ പ്രവീണ്യമുള്ള യുവാക്കളിൽ നിന്നും ദേശീയതല പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളായ 30 വയസിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ഒരാഴ്ച നീളുന്ന പരിശീലനം ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് (IIMR)ഹൈദരാബാദിലെ ന്യൂട്രി ഹബ്ബിൽ വച്ച് നടക്കും. താൽപര്യമുള്ളവർക്ക് directorofmarketingagri@gmail.com എന്ന ഇമെയിലിലേക്ക് ബയോഡാറ്റയും,പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്ക് 9895788163എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലുള്ള ചക്രവാത ചുഴിയുടെയും കിഴക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.