1. കർഷക സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചറിന്റെ (അഗ്രി സ്‌റ്റാക്ക്) ഘടകങ്ങളിലൊന്നായ കർഷക രജിസ്ട്രി, സർക്കാർ പദ്ധതികൾ വേഗത്തിലും, സുതാര്യമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 20 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ 2024 ഡിസംബർ 2025 ജനുവരി മാസങ്ങളിൽ പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1011 എന്ന ടോൾ ഫ്രീ നമ്പറിലോ, 0471 2309122, 2303990, 2968122 എന്നീ ഹെല്പ് ഡെസ്ക് നമ്പറിലേക്കോ വിളിക്കേണ്ടതാണ്.
2. നാളികേര വികസന ബോർഡിന്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഇതുവരെ അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷയായി നൽകിയിരുന്നത്. രണ്ടുലക്ഷം രൂപ വരെ ചികിത്സാ ചിലവുകൾക്കു ധനസഹായമായും ലഭിക്കും. 18 നും 65 നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്തൃ വിഹിതമായ 239 രൂപ വാർഷിക പ്രീമിയമടച്ച് ഇൻഷുറൻസ് പരിരക്ഷ നേടാവുന്നതാണ്. നാളികേര വികസന ബോർഡിന്റെ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും.
3. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തെ റിപ്പോര്‍ട്ടുകൾ പ്രകാരം ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും നേരിയ- ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും ഇന്ന് മഴ മുന്നറിയിപ്പില്ല. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.