കാലാവസ്ഥ വ്യതിയാനം തിരിച്ചറിഞ്ഞുള്ള കാര്‍ഷിക പ്ലാനുകളാണ് ഈ കാലത്ത് അനിവാര്യമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിള അധിഷ്ഠിത കൃഷി എന്നതില്‍ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ പ്ലാനാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പീച്ചി ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ള കര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു വിളയ്ക്ക് പകരം വൈവിധ്യങ്ങളായിട്ടുള്ള വിളകള്‍ കൊണ്ട് കൃഷിയിടങ്ങളെ സമ്പന്നമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഭാസങ്ങള്‍ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കൂടി മറികടക്കാനുള്ള കാര്‍ഷിക പ്ലാനാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: 50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance
ഞാറ്റുവേലയും ഇടവപ്പാതിയും മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന അപകടരമായ കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. 2018ലെ ഭീകരമായ പ്രളയത്തിന് ശേഷം ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്ന നാടായി കേരളം മാറികഴിഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം വിള അധിഷ്ഠിത കൃഷിയില്‍ നിന്ന് ഫാം പ്ലാന്‍ കൃഷിയിലേയ്ക്ക് കര്‍ഷകര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തെ കാർഷിക സംസ്കാരത്തിലേയ്ക്ക് തിരികെയെത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാജൻ
കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും എന്ന വിഷയത്തില്‍ വെള്ളാനിക്കര കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി ആര്‍ രശ്മി സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷനായി. ഒല്ലൂര്‍ കൃഷി സമ്യദ്ധി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മുരിങ്ങയില കൊണ്ടുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കാര്‍ഷിക കോളേജ് പ്രൊഫസര്‍ ഡോ.പി അനിത സെമിനാറില്‍ മോഡറേറ്ററായി. സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ എം വര്‍ഗീസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.