പാലക്കാട്: സംരംഭക മേഖലയില്‍ വനിതകളുടെ പ്രാധാന്യം ഉറപ്പാക്കാനായി വ്യവസായ വകുപ്പ് ആരംഭിച്ചതാണ് ഒരു കുടുംബം ഒരു സംരംഭം പദ്ധതി. പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കളും വനിതാ സംരംഭകരായിരിക്കും. നിര്‍മ്മാണം, സേവനം, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യൂണിറ്റുകള്‍ക്കാണ് പലിശയിളവോടെയുള്ള വായ്പക്ക് അര്‍ഹത. എല്ലാ വീടുകളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. പ്രോജക്ട് ചെലവിന്റെ 10 ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് ആറ് ശതമാനം പലിശ ഇളവാണ് പദ്ധതി പ്രകാരം നല്‍കുന്നത്.
ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കേരള ബാങ്ക് എന്നീ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും എം.എസ്.എം.ഇ (മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസ്) യൂണിറ്റുകള്‍ നേടുന്ന ടേം ലോണിനും (യന്ത്രങ്ങള്‍ വാങ്ങുന്നതിന് നല്‍കുന്ന ലോണ്‍) കൂടാതെ പ്രവര്‍ത്തന മൂലധന വായ്പക്കും (സംരംഭത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലോണ്‍) പദ്ധതിപ്രകാരം പലിശ ഇളവ് ലഭിക്കും.
അപേക്ഷകര്‍ക്കുള്ള യോഗ്യത
-
ടേം ലോണ്‍/പ്രവര്‍ത്തന മൂലധന വായ്പ നേടിയ ഉത്പാദന, സേവന, വ്യാപാരമേഖലയിലെ പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പദ്ധതിപ്രകാരം വായ്പ ലഭിക്കും.
-
2022 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ പ്രവര്‍ത്തനം/ഉത്പാദനം ആരംഭിച്ച എം.എസ്.എം.ഇ യൂണിറ്റുകള്‍ക്ക് സഹായത്തിന് അര്‍ഹത.
-
യൂണിറ്റിന് സാധുവായ ഉദ്യം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
-
അപേക്ഷിക്കുന്ന തീയതിയില്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കണം
-
കേന്ദ്ര ഗവ/സംസ്ഥാന സര്‍ക്കാര്‍/ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏതെങ്കിലും സ്‌കീമിന് കീഴിലുള്ള ഒരു ഗ്രാന്റ് സഹായവും യൂണിറ്റ് നേടിയിട്ടിട്ടുണ്ടാകാന്‍ പാടില്ല.
14 യൂണിറ്റുകള്‍ക്ക് 1,22,553 രൂപ വായ്പ നല്‍കി
ഒരു കുടുംബം ഒരു സംരംഭം പദ്ധതി പ്രകാരം 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 14 യൂണിറ്റുകള്‍ക്കായി 1,22,553 രൂപയാണ് വായ്പ വിതരണം ചെയ്തത്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 99 യൂണിറ്റുകള്‍ക്കായി 9.96 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491 2505408 (ജില്ലാ വ്യവസായ കേന്ദ്രം).