തൃശ്ശൂർ: ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 71 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാര്‍ (ഡ്രൈവര്‍) കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ ഭാഗമായി. വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എ.എസ് ജോഗി പരിശീലനാര്‍ഥികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അഗ്നി സുരക്ഷ, ഫയര്‍ ഫൈറ്റിങ്, ഇന്‍ഡസ്ട്രിയല്‍ ഫയര്‍ സേഫ്റ്റി, മൗണ്ടെയ്ന്‍ റെസ്‌ക്യൂ, വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനം, വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം, സ്വയംരക്ഷാ, വിവിധ രാസ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, പ്രഥമ ശുശ്രൂഷ ഉള്‍പ്പെടെ നാല് മാസത്തെ അടിസ്ഥാന പരിശീലനം ലഭ്യമാക്കി.
കൂടാതെ കമാന്‍ഡോ പരിശീലന രീതിയില്‍ പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാ പ്രവര്‍ത്തനം, ശ്വസനസഹായികള്‍ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങള്‍ കയറിയുള്ള രക്ഷാപ്രവര്‍ത്തനം, ബേസിക് ലൈഫ് സപ്പോര്‍ട്ട്, യാതൊരുവിധ രക്ഷാ ഉപകരണങ്ങളും ലഭിക്കാത്ത സമയത്ത് ആവശ്യമായ ഇമ്പ്രവൈസ്ഡ് രക്ഷാ ഉപകരണങ്ങളുടെ നിര്‍മാണവും അവയുടെ പ്രായോഗിക പരിശീലനങ്ങളും, 300 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലെ പ്രായോഗിക പരിശീലന പരിപാടികളും നല്‍കി.
പ്ലസ് ടു അടിസ്ഥാന യോഗ്യതയായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) തസ്തികയില്‍ ആറ് ബിരുദാനന്തര ബിരുദധാരികളും 25 ബിരുദധാരികളും ഒമ്പത് ബി.ടെക് ബിരുദധാരികളും ആറ് ഡിപ്ലോമക്കാരും ഐ ടി ഐ യോഗ്യതയുള്ള നാല് പേരും ഉള്‍പ്പെടുന്നു.
പരിപാടിയില്‍ ഡയറക്ടര്‍ ടെക്നിക്കല്‍ എം. നൗഷാദ്, ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, അക്കാദമി ഡയറക്ടര്‍ എം.ജി രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ റെനി ലൂക്കോസ്, എസ്.എല്‍ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.