പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുദ്ധ ജല മത്സ്യകൃഷിയുടെ വിളവെടുപ്പും വില്‍പ്പനയും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ജയില്‍ മെയിന്‍ ഗെയ്റ്റിന് സമീപത്ത് സജ്ജമാക്കിയ താല്‍ക്കാലിക വിപണന കേന്ദ്രത്തില്‍ വെച്ചായിരുന്നു കച്ചവടം.വലിയ മീനുകള്‍ 200 രൂപയ്ക്കും ചെറു മീനുകള്‍ 100 രൂപയ്ക്കുമായിരുന്നു കച്ചവടം. വരാലിന് കിലോ 350 രൂപ നിരക്കിലും.53,100 രൂപയുടെ കച്ചവടമാണ് നടന്നത്.
നാടന്‍ മത്സ്യത്തിന്റെ വില്‍പന ഉണ്ടെന്നറിഞ്ഞതോടെ മത്സ്യം വാങ്ങാൻ വൻ ജനത്തിരക്കായിരുന്നു. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ശുദ്ധജല ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കുളത്തില്‍ കഴിഞ്ഞ വര്‍ഷം 4000 ത്തോളം കട്ല, രോഹു, വരാല്‍, മൃഗാള്‍, ഗ്രാസ്‌കാര്‍പ മുതലായ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിന്റെ വിളവെടുപ്പാണ് നടത്തിയത്.