തൃശ്ശൂർ: ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോയി കുടുങ്ങിയ വള്ളവും 41 മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.
ഹാർബറിൽ നിന്നും പുലർച്ചെ 5.30ന് മത്സ്യബന്ധനത്തിന് പോയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുളള ബർക്കത്ത് എന്ന വള്ളമാണ് എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയത്.
വൈകീട്ട് നാല് മണിയോടുകൂടിയാണ് അഴീക്കോട് അഴിയിൽ നിന്നും കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് കടലിലായി വള്ളം കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് എ എസ് ഐ വി എം ഷൈബു, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കൂമാർ എന്നിവരുടെ നേതൃത്വത്തിൽ റസ്‌ക്യൂ ഗാര്‍ഡമാരായ അൻസാർ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി എന്നിവര്‍ ചേർന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചേറ്റുവയിലും അഴീക്കോടും ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത അറിയിച്ചു.