തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് അഞ്ച് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു. വരന്തരപ്പിള്ളി, വല്ലച്ചിറ, മാടക്കത്തറ, കുഴുർ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ആദ്യ ജില്ലതല യോഗം കളക്ടറേറ്റ് ആസൂത്രണ ഭവൻ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.
കാർബൺഡൈഓക്സൈഡ്, മീഥെയിൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന രീതിയിൽ പരിമിതിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്കരണം, ഊർജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കുക. പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളോടെ കർമപരിപാടിയും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കാണ് മുൻഗണന.
ശാസ്ത്രീയമായി കാർബൺ ഫുട്പ്രിന്റ് മനസിലാക്കിയശേഷം വേണം ഓരോ പഞ്ചായത്തുകളിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതെന്ന് കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന വകുപ്പ് ഡീൻ ഡോ. നമീർ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, ഭൂപ്രദേശങ്ങൾ എന്നിങ്ങനെ വിവിധ യൂണിറ്റുകളായി തിരിച്ചാണ് പ്രവർത്തിക്കുക. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളിൽ സംഘാടകസമിതിയുണ്ടാക്കും. പരിശീലനം, സർവേ, ക്യാമ്പയിൻ എന്നിവ ജില്ലാതലത്തിൽ വരുംദിനങ്ങളിൽ ഏകോപിപ്പിക്കും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചു പഞ്ചായത്തുകളുടെ യോഗം ഉടൻ വിളിച്ചുചേർക്കും.
യോഗത്തിൽ കേരള കാർഷിക സർവകലാശാല റിട്ട. പ്രൊഫസർ ഡോ. കെ ഇ ഉഷ, കേരള ജൈവവൈവിദ്ധ്യ ബോർഡ് തൃശൂർ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ്, കെഎഫ്ആർഐ പീച്ചി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്രീകുമാർ വി ബി, കേരള കാർഷിക സർവകലാശാല റിട്ട. ഫോറെസ്ട്രി ഡീൻ ഡോ. കെ വിദ്യസാഗരൻ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ദിദിക സി എന്നിവർ യോഗത്തിൽ പങ്കെടുത്തു.