Updated on: 4 December, 2020 11:18 PM IST

ആലപ്പുഴ ജില്ലയിലെ കൈനകരിയിലെ കുടുംബങ്ങൾക്ക് സഹായമായി കുടുംബശ്രീയുടെ പുതുസംരംഭം.കൊറോണക്കാലത്ത് വീടുകളിൽ ഭക്ഷണമൊരുക്കാൻ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിട്ടാതെ വിഷമിക്കുന്നവർക്ക്‌ ഇവ വീട്ടിലെത്തിക്കുകയാണ് . കൈനകരി പഞ്ചായത്തിലെ അഞ്ചു വനിതകൾ.ഇവർ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ എല്ലാ സാധനങ്ങളുമായി ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റ് ഒരുക്കിക്കൊണ്ടാണ് കൊറോണക്കാലത്തെ നേരിടാൻ പഞ്ചായത്തിലെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നത്. വാടകയ്ക്കെടുത്ത ബോട്ടിലാണ് ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനം.

കുടുംബശ്രീ വനിതകളായ പ്രീത ഷൈൻ, പവിത അനിൽ, പ്രീത മണിക്കുട്ടൻ, അർച്ചന സോമശേഖരൻ, സലിലമ്മ ഭാസുരൻ എന്നിവർ ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റുമായി രം​ഗത്തിറങ്ങിയത്. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ പഞ്ചായത്തിലെ ജനങ്ങൾക്ക് വീടിനുപുറത്ത് ദൂരെ പോയി സാധനങ്ങൾ വാങ്ങുന്നതിന് ഒരു പാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതൊഴിവാക്കുന്നതിന് ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റ് എന്ന രീതിയിൽ ഒരു സംരംഭം തുടങ്ങുന്നത് ഏറെ സഹായകരമാകും എന്ന തിരിച്ചറിവിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ ഇത് യാഥാർത്ഥ്യമായത്. രാവിലെ തന്നെ സിഡിഎസ് പ്രതിനിധികൾ വാർഡ് മെമ്പർമാർ, എഡിഎസ് അം​ഗങ്ങൾ, അയൽക്കൂട്ട പ്രതിനിധികൾ എന്നിവരുടെ വാട്ട്സാപ് ​ഗ്രൂപ്പുകളിലേക്ക് ഓരോ ബോട്ട്ജെട്ടിയിലും സൂപ്പർമാർക്കറ്റ് എത്തുന്ന വിവരം അറിയിക്കും. ഇതു പ്രകാരം ഓരോ ജെട്ടിയിലും സൂപ്പർമാർക്കറ്റ് അടുക്കുമ്പോൾ ആളുകളെത്തി അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങുകയാണ് ചെയ്യുന്നത്. സാമൂഹ്യ അകലം സൂക്ഷിക്കുക എന്ന നിർദേശം കർശനമായി പാലിക്കുന്നതിലും ഇവർ ശ്രദ്ധിക്കുന്നു. ആളുകൾ തമ്മിൽ കൂട്ടം കൂടി നിൽക്കാതെ നിശ്ചിത അകലത്തിൽ നിർത്തിക്കൊണ്ടാണ് സാധനങ്ങൾ നൽകുന്നത്. പഞ്ചായത്തിലെ ഭജനമഠം, ചേന്നങ്കരി ഈസ്റ്റ്, ഐലൻഡ്, വാവക്കാട്, തെക്കേ വാവക്കാട്, കുട്ടമം​ഗലം, പടിഞ്ഞാറേ കുട്ടമം​ഗലം, കട്ടപ്പുറം, തോട്ടുകടവ്, ചെറുതാലി കായൽ, പഞ്ചായത്ത് വാർഡ് , അറുനൂറ്റും പാടം എന്നീ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് തികച്ചും അനു​​ഗ്രഹമായി മാറിയിരിക്കുകയാണ് വനിതകളുടെ ഫ്ളോട്ടിങ്ങ് സൂപ്പർ മാർക്കറ്റ്. പമ്പയാറിന്റെ കൈവഴിയിലൂടെ സൂപ്പർമാർക്കറ്റ് കടവിലെത്തുമ്പോൾ ദൂരേക്ക് യാത്ര ചെയ്യാതെ തന്നെ വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഓരോ കുടുംബത്തിനും കൈവന്നത്.

കൈനകരി പഞ്ചായത്തിലെ സമഭാവന,തനിമ എന്നീ കുടുംബശ്രീയിലെ അം​ഗങ്ങളാണ് സംരംഭത്തിനു പിന്നിലുള്ള വനിതകൾ. ഇതിനു മുമ്പ് ഇവർ അഞ്ചു പേരും ചേർന്ന് നെടുമുടി കൈനകരി പഞ്ചായത്തിന്റെ അതിർത്തിയായ പൂപ്പളളി ജം​ഗ്ഷനിൽ കുടുംബശ്രീ സൂക്ഷ്മസംരംഭമായി പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു. എല്ലാവരും ചേർന്ന് സ്വന്തം കൈയ്യിലെ സമ്പാദ്യം ചേർത്തു വച്ചുകൊണ്ടാണ് സംരംഭം ആരംഭിച്ചത്. പച്ചക്കറികളും പഴങ്ങളും കൂടാതെ മുട്ട, ഉണക്കമീൻ എന്നിവയും ഇവരുടെ കടയിൽ ലഭ്യമായിരുന്നു. കൂടാതെ പലതരത്തിലുള്ള ജ്യൂസും തയ്യാറാക്കി നൽകി. അടുത്തുള്ള ഷാപ്പുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങിലേക്ക് പതിവായി പച്ചക്കറികൾ എത്തിച്ചു കൊടുക്കുന്നതിലൂടെ നല്ല രീതിയിൽ വ്യാപാരം നടന്നിരുന്നു. ഇതോടൊപ്പം പഞ്ചായത്തിലെ നല്ലൊരു വിഭാ​ഗം വീട്ടമ്മമാരും ഇവരുടെ കടയിൽ നിന്നും സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നവരായിരുന്നു. പ്രതിദിനം 10000 മുതൽ 12,000 രൂപ വരെ കച്ചവടം ലഭിച്ചുകൊണ്ടിരുന്ന സ്ഥാപനമായി സംരംഭം വേ​ഗം വളർന്നു. എന്നാൽ കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധ മാർ​ഗങ്ങൾ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ പച്ചക്കറി കടയും അടച്ചിടേണ്ടി വന്നു. എന്നാലും കഴിയുന്നത്ര ആളുകൾക്ക് ഇവർ തന്നെ വീടുകളിൽ നേരിട്ട് പച്ചക്കറികൾ എത്തിച്ചു കൊണ്ട് സംരംഭം നിലനിർത്തി. പച്ചക്കറികൾക്കൊപ്പം അരിയും പലവ്യഞ്ജനങ്ങളും കൂടി എത്തിച്ചുതരാമോ എന്നുള്ള വീട്ടമ്മമാരുടെ ചോദ്യമാണ് സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റ് എന്ന സംരംഭം തുടങ്ങാൻ ഈ അഞ്ചു വനിതകൾക്ക് പ്രചോദനമായത്.

ആവശ്യക്കാർ ഏറിയതോടെ ഇവർ സി.ഡി.എസ് ചെയർപേഴ്സണായ പ്രസീതയ്ക്കൊപ്പം പഞ്ചായത്ത് അധികൃരെ സമീപിച്ചു. 2020-21 സാമ്പത്തിക വർഷം ഒരു ഫ്ളോട്ടിങ്ങ് മാർക്കറ്റ് തുടങ്ങാനുള്ള പദ്ധതി സിഡിഎസ് സമർപ്പിച്ചിരുന്നത് അനു​ഗ്രഹമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ പദ്ധതിക്ക് അനുമതി നൽകി. തുടർന്ന് ഇവർ അഞ്ചു പേരും ചേർന്ന് ഒന്നര ലക്ഷം രൂപ സമാഹരിച്ചു. പഞ്ചായത്ത് അധികൃതരിൽ നിന്നും യാത്ര ചെയ്യാനുള്ള അനുമതിപത്രവും വാങ്ങി. ഒന്നര ലക്ഷം രൂപയ്ക്കുള്ള പച്ചക്കറികൾ, അരി, പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി ഐറ്റങ്ങൾ, മുട്ട, ഉണക്കമത്സ്യം, പഴങ്ങൾ,വെളിച്ചെണ്ണ എന്നിവ സൂപ്പർമാർക്കറ്റിലേക്ക് വാങ്ങി. പിന്നീട് ഹൗസ് ബോട്ടിന്റെയത്ര തന്നെ വലിപ്പമുള്ള ഒരു ബോട്ട് സൂപ്പർമാർക്കറ്റിനു വേണ്ടി വാടകയ്ക്കെടുത്ത് സാധനങ്ങൾ ഇനം തിരിച്ചു വയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തു. പ്രതിദിനം ആയിരം രൂപയാണ് ബോട്ടിന്റെ വാടക. രാവിലെ കൈനകരി പഞ്ചായത്ത് കടവിൽ നിന്നും നിറയെ സാധനങ്ങളുമായി സൂപ്പർമാർക്കറ്റ് യാത്ര തിരിക്കും. തുടർന്ന് പട്ടേൽ ജെട്ടി, മാലേച്ചിറ, കൊച്ചുകോവിന്ദൻ ജെട്ടി, പട്ടിച്ചിറ, വെള്ളാമത്തര, പള്ളിജെട്ടി, ആശുപത്രി ജെട്ടി, ​ഗുരുമന്ദിരം എന്നിവിടങ്ങളിൽ നിർത്തി ആവശ്യക്കാർക്ക് സാധനങ്ങൾ വിറ്റഴിക്കും. പ്രീത, പവിത, പ്രീത മണിക്കുട്ടൻ, അർച്ചന എന്നിവരാണ് ഫ്ളോട്ടിങ്ങ് സൂപ്പർ മാർക്കറ്റിൽ കച്ചവടത്തിനായി പോകുന്നത്. രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള ഭക്ഷണവും കുടിവെള്ളവുമായാണ് ഇവരുടെ യാത്ര. ​ഗ്രൂപ്പിലെ അം​ഗമായ സലിലമ്മ മറ്റു സ്ഥലങ്ങളിൽ പച്ചക്കറികൾ എത്തിക്കുന്നു.

കൊറോണക്കാലത്തിന്റെ ആകുലതകളെല്ലാം അകറ്റി നിർത്തുന്നതിനും തങ്ങളുടെ ഫ്ളോട്ടിങ്ങ് മാർക്കറ്റ് സംരംഭം നല്ല രീതിയിൽ കൊണ്ടു പോകുന്നതിനും കഴിയുന്നതിൽ ഈ വനിതകൾ ഇന്നേറെ സന്തുഷ്ടരാണ്. കൊറോണ കാലം കഴിഞ്ഞാലും കൂടുതൽ ഊർജ്ജസ്വലതയോടെ ഈ സംരംഭവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

English Summary: Floating supermarket Kudumbadree at Kainakari
Published on: 07 April 2020, 01:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now