മലപ്പുറം: പാലപ്പെട്ടി പഞ്ചായത്തിൽ കല്യാണ ചടങ്ങിൽ പങ്കെടുത്ത 170 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. കിണറ്റിലെ വെള്ളത്തിൽ നിന്നോ പുറത്തുനിന്നും വാങ്ങിയ വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് നിഗമനം. രോഗികൾ അപകടനില തരണം ചെയ്തിട്ടുണ്ട്. മാറഞ്ചേരി ആരോഗ്യ ബ്ലോക്കിന് കീഴിൽ 1 മാസത്തിനുള്ളിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്.
കൂടുതൽ വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം ജൂൺ 8 മുതൽ; 1 മാസത്തെ കുടിശിക ലഭിക്കും
ആഘോഷ പരിപാടികൾ നടത്തുമ്പോൾ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും ആവശ്യമായ മാർഗനിർദേശങ്ങൾ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. തുടർന്നും ഇതുപോലെയുള്ള പരിപാടികളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് ശിപാർശ ചെയ്യും.
ജനങ്ങൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനം ശാസ്ത്രീയമല്ലാത്തതിനാൽ കിണറുകളിലെ കുടിവെള്ളം മലിനപ്പെടാൻ സാധ്യതയുണ്ട്. അടുക്കള, സ്റ്റോർ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുകയോ പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് ഭീഷണിയാകും. കുട്ടികൾ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരെയും നാം ജാഗ്രത പാലിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ പോലെ തന്നെ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ വ്യക്തമാക്കി.
പ്രതിരോധ മാർഗങ്ങൾ അറിയാം..
* ആഘോഷ പരിപാടികളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക
* ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന കടകളിൽ നിന്നുമാത്രം ഐസ്, ശീതള പാനീയങ്ങൾ, വെള്ളം എന്നിവ വാങ്ങുക
* കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്
* ആഹാരത്തിന് മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
* വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
* പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
* തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കരുത്