കൊല്ലം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുതിന് അങ്കണവാടികള്‍, സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, മറ്റ് ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീ. ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗത്തിലാണ് നിര്‍ദേശം. മഴക്കാലമൊരുക്കത്തിന്റെ ഭാഗമായി ഹോട്ടലുകള്‍, ബേക്കറികള്‍, ജ്യൂസ് സ്റ്റാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സംയുക്ത സ്‌ക്വാഡ് മില്‍ പരിശോധന നടത്തും. തട്ടുകടകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധനകള്‍ തുടരും. ട്രോളിങ് നിരോധനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കും.
2022 ഡിസംബര്‍ മുതല്‍ മെയ് മാസത്തിനിടെ പരിശോധിച്ച 2775 സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ 38 എണ്ണം സുരക്ഷിതമല്ലാത്തതായും 43 എണ്ണം മിസ്ബ്രാന്‍ഡഡ് വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെും കണ്ടെത്തി. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം 34 അഡ്ജുഡിക്കേഷന്‍, 19 പ്രോസിക്യൂഷന്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യസുരക്ഷ മൊബൈല്‍ ലാബില്‍ 940 സാമ്പിളുകള്‍ ശേഖരിച്ചു.
ക്രമകേട് കണ്ടെത്തിയ 597 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെ റെക്ടിഫിക്കേഷന്‍ നോട്ടീസും 12 സ്ഥാപനങ്ങള്‍ക്ക് ഇമ്പ്രൂവ്മെന്റ് നോട്ടീസും ഗുരുതര ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍
147 ഭക്ഷ്യസംരംഭകരില്‍ നിന്ന് 864000 രൂപ പിഴ ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ എസ് അജി അറിയിച്ചു.