കണ്ണൂർ: ജില്ലയിൽ 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. കറവ പശുക്കളിൽ പാലുല്പാദനം കുറയുമെന്ന തെറ്റിധാരണ മൂലം കർഷകർ പ്രതിരോധ കുത്തിവെപ്പെടുക്കാൻ വൈമുഖ്യം കാണിക്കുന്നു. പക്ഷേ, പ്രതിരോധകുത്തിവെപ്പ് എടുക്കുമ്പോൾ വാക്സിന്റെ പ്രവർത്തനത്താൽ പാൽ ലഭ്യതയിൽ രണ്ടോ മൂന്നോ ദിവസം ചെറിയ വ്യത്യാസം കണ്ടേക്കാമെങ്കിലും മാരക രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ ശേഷി കൈവരുന്നു. വർഷത്തിൽ രണ്ടു തവണ കുത്തിവെപ്പ് എടുക്കണം.
കന്നുകാലികളെ ബാധിക്കുന്ന പ്രധാന മാരക വൈറസ് രോഗമാണ് കുളമ്പ് രോഗം അഥവാ ഫുട്ട് ആന്റ് മൗത്ത് ഡിസീസ്. പാലുത്പാദനം ഗണ്യമായി കുറയുക, ഗർഭം അലസൽ, കന്നുകുട്ടികളിലെ ഉയർന്ന മരണനിരക്ക്, അകിടുവീക്കം തുടങ്ങിയ രോഗങ്ങൾ വരികയും കർഷകന് സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.
രോഗം പടരാൻ കാരണം
ഇതരസംസ്ഥാനങ്ങളിൽനിന്ന് വളർത്തുന്നതിനും മാംസാവശ്യത്തിനുമായി രോഗമുള്ളതോ രോഗവാഹകരോ ആയ കന്നുകാലികളെ കൊണ്ടുവരുന്നതും കുത്തിവെപ്പിന് വിധേയമാക്കാത്തതും രോഗം പടരാൻ ഇടയാക്കുന്നു. നാടൻ ഇനങ്ങളെ അപേക്ഷിച്ച് സങ്കരയിനം പശുക്കളിൽ രോഗം കൂടുതലായി കാണുന്നു. കുളമ്പ് രോഗം മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമല്ല. രോഗബാധയുള്ളതോ രോഗവാഹകരോ ആയ മൃഗങ്ങളുമായുള്ള സമ്പർക്കം, രോഗബാധയുള്ള മൃഗങ്ങളുടെ വായിൽ നിന്ന് വരുന്ന സ്രവങ്ങൾ, വിസർജ്യവസ്തുക്കൾ, മാംസം, ചർമ്മം, പാൽ തുടങ്ങിയവയുമായുള്ള സമ്പർക്കം, രോഗബാധയുള്ള പ്രദേശങ്ങളിലെ, തീറ്റപ്പുല്ല്, വൈക്കോൽ, തൊഴുത്തിലെ മറ്റു വസ്തുക്കൾ പാൽപ്പാത്രങ്ങൾ, വാഹനങ്ങൾ എന്നിവയുമായുള്ള സമ്പർക്കം, തൊഴിലാളികൾ, കറവക്കാർ, വായു, വെള്ളം എന്നിവ വഴിയും രോഗം പകരും.
ബന്ധപ്പെട്ട വാർത്തകൾ: കറവ കാല രോഗങ്ങളും പരിഹാരവും
വൈറസ് കന്നുകാലികളുടെ ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞ് ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. കടുത്ത പനി, വിശപ്പില്ലായ്മ, മോണ, നാക്ക്, അകിട്, കുളമ്പ് എന്നിവിടങ്ങളിൽ കുമിളകൾ ഉണ്ടാവുകയും പിന്നീട് അവ പൊട്ടി വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വായിൽനിന്നും മൂക്കിൽ നിന്നും സ്രവം പത പോലെ ഒലിക്കുക, മുടന്തി നടക്കുക, പാലുൽപ്പാദനം കുറയുക, ഗർഭം അലസുക, കന്നുകുട്ടികളിൽ മരണം സംഭവിക്കുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
പ്രതിരോധ മാർഗങ്ങൾ
രോഗം ബാധിച്ച കാലികളെ കൂട്ടത്തിൽ നിന്ന് മാറ്റി പ്രത്യേക പരിചരണം നല്കുക, തൊഴുത്തും പരിസരവും പാത്രങ്ങളും ദിവസവും അണുനാശിനി ഉപയോഗിച്ചു കഴുകുക എന്നിവ ചെയ്യണം. കുളമ്പ് രോഗബാധിത പ്രദേശങ്ങളിൽനിന്ന് കന്നുകാലികൾ, തീറ്റ, വളം തുടങ്ങിയവ രോഗമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകരുത്. പുതിയതായി ഒരു പശുവിനെ വാങ്ങുമ്പോൾ മൂന്നാഴ്ച വരെ നിരീക്ഷിച്ച് കുളമ്പ് രോഗം ഇല്ലായെന്ന് ഉറപ്പാക്കിയിട്ടു വേണം മറ്റു പശുക്കളുടെ കൂടെ നിർത്തേണ്ടത്. നാല് ശതമാനം വീര്യമുള്ള ( 40 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ) അലക്കുകാരം / നാല് ശതമാനം വീര്യമുള്ള അസെറ്റിക് ആസിഡ് (വിനാഗിരി) / രണ്ട് ശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോക്സൈഡ് / മൂന്ന് ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ഇവ ഏതെങ്കിലും ഉപയോഗിച്ച് അണുനശീകരണം നടത്തുക.
ദിവസം രണ്ട് പ്രാവശ്യമെങ്കിലും വായിലും പാദങ്ങളിലുമുള്ള ക്ഷതങ്ങൾ അണുനാശിനികൊണ്ട് കഴുകി വൃത്തിയാക്കുക, ബോറിക് ആസിഡ് -ഗ്ലിസറിൻ /തേൻ പേസ്റ്റ് വായിലെ വ്രണങ്ങളിൽ പുരട്ടുക, കാലിൽ ആന്റി സെപ്റ്റിക് ഓയിൽമെന്റുകൾ പുരട്ടുക എന്നിവ ചെയ്യുക. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ നൽകണം. വേഗം ദഹിക്കുന്ന ആഹാരം നൽകുക, അധികം നാരില്ലാത്ത ഇളം പുല്ല് തീറ്റയായി നൽകുക എന്നിവ ശ്രദ്ധിക്കുക. തുറസ്സായ സ്ഥലത്ത് വളർത്തുമൃഗങ്ങളെ മേയാൻ വിടരുത്. കശാപ്പിനുള്ള മൃഗങ്ങളെ കെട്ടുന്നതോ മേയാൻ വിടുന്നതോ ആയ സ്ഥലത്ത് വളർത്തുമൃഗങ്ങളെ മേയാൻ വിടരുത്. ഇത്തരം പ്രദേശങ്ങളിൽ നിന്ന് തീറ്റപ്പുല്ല് ശേഖരിക്കാൻ പാടില്ല. രോഗം വന്ന് ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി കുഴിച്ച് മൂടുകയോ കത്തിച്ച് കളയുകയോ ചെയ്യണം.