രാജ്യത്ത് ആദ്യമായി, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ബസുമതി അരിയുടെ (തവിട്ട് ബസ്മതി അരി, തവിട് നീക്കിയ ബസ്മതി അരി, പുഴുങ്ങിയ തവിട്ട് ബസ്മതി അരി, പുഴുങ്ങിയതും തവിട് നീക്കിയതുമായ ബസ്മതി അരി എന്നിവയുൾപ്പെടെ) തിരിച്ചറിയൽ മാനദണ്ഡങ്ങൾ (identity standards) വ്യക്തമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ഫുഡ് പ്രൊഡക്ട്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീസ്) നിയമത്തിലെ ഇതുമായി ബന്ധപ്പെട്ട ആദ്യ ഭേദഗതി ചട്ടങ്ങൾ, 2023, ഇന്ത്യൻ ഗസറ്റിൽ വിജ്ഞാപനം ചെയ്തു.
ഈ മാനദണ്ഡങ്ങൾ അനുസരിച്ച്, ബസുമതി അരിക്ക് ബസുമതി അരിയുടെ സ്വാഭാവിക സുഗന്ധം ഉണ്ടായിരിക്കണം. കൂടാതെ കൃത്രിമ നിറങ്ങൾ, പോളിഷിംഗ് ഏജന്റുകൾ, കൃത്രിമ സുഗന്ധങ്ങൾ എന്നിവയിൽ നിന്ന് ഇവ മുക്തമായിരിക്കും. ധാന്യങ്ങളുടെ ശരാശരി വലിപ്പം, പാചകം ചെയ്തതിന് ശേഷമുള്ള അവയുടെ നീളം കൂടൽ അനുപാതം; ഈർപ്പത്തിന്റെ പരമാവധി പരിധി, അമിലോസ് ഉള്ളടക്കം, യൂറിക് ആസിഡ്, വികലമായ/കേടായ ധാന്യങ്ങൾ, ബസുമതി ഇതര അരിയുടെ സാന്നിധ്യം തുടങ്ങി ബസുമതി അരിയുടെ മറ്റു ഗുണനിലവാര മാനദണ്ഡങ്ങളും ഇതിൽ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ബസുമതി അരിയും ആരോഗ്യ ഗുണങ്ങളും
ബസുമതി അരിയുടെ വ്യാപാരത്തിൽ ന്യായമായ രീതികൾ സ്ഥാപിക്കുന്നതിനും ആഭ്യന്തരമായും ആഗോളതലത്തിലും ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കുന്നതിനുമാണ് ഈ മാനദണ്ഡങ്ങൾ ലക്ഷ്യമിടുന്നത്. ഈ മാനദണ്ഡങ്ങൾ 2023 ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കും.
ബന്ധപ്പെട്ട ഗവണ്മെന്റ് വകുപ്പുകൾ / ഏജൻസികൾ, മറ്റ് പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകളിലൂടെയാണ് ഈ നിയന്ത്രണ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.