1. സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷനുകളുടെ തുക 1600 രൂപയാക്കി ഉയർത്താൻ തീരുമാനം. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തുക. നിലവിൽ വിശ്വകർമ പെൻഷൻ 1400 രൂപ, സർക്കസ് കലാകാർക്ക് 1200 രൂപ, അവശ കായിക താരങ്ങൾക്ക് 1300 രൂപ, അവശ കലാകാർക്ക് 1000 രൂപയുമാണ് പെൻഷൻ നൽകിയിരുന്നത്. ഇതിനുമുമ്പ് 10 വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം 1000 രൂപ വർധിപ്പിച്ചിരുന്നു.
കൂടുതൽ വാർത്തകൾ: വീടുകളില്‍ സോളാർ പാനൽ സ്ഥാപിക്കാൻ സബ്‌സിഡി
2. കാർഷിക സംരംഭകർക്കായി പ്രോജക്ട് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കൃഷി വകുപ്പിന്റെ ഫാം പ്ലാൻ വികസന സമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉത്പാദക സംഘങ്ങൾ, കർഷക ഉത്പാദക കമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കും. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള സംരംഭകർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ അപേക്ഷ നവംബർ 23 ന് മുമ്പായി ആറ്റിങ്ങൽ ബ്ലോക്ക് പരിധിയിലെ കൃഷി ഭവനിൽ നൽകണം.
3. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജൈവ ഉത്പന്ന വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി. സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളും കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങളും സ്റ്റാളിൽ നിന്നും ലഭിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ സ്റ്റാൾ പ്രവർത്തിക്കും. കുരീപ്പുഴ ഫാമിലെ ടര്‍ക്കി ഇറച്ചി, ടര്‍ക്കി മുട്ടകള്‍, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലെ ഫാം ഫ്രഷ് കോഴിമുട്ടകള്‍, കാടനിരണം ഡക്ക് ഫാമിലെ താറാവ് ഇറച്ചി, കുര്യോട്ടുമല ഫാമിലെ നെയ്യ്, മില്‍മാ പാല്‍ , പാലുത്പന്നങ്ങള്‍, കെപ്‌കോ കോഴിയിറച്ചി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ഉത്പന്നങ്ങള്‍, കര്‍ഷകര്‍ നല്‍കുന്ന ഉൽപന്നങ്ങള്‍ എന്നിവയെല്ലാം ആവശ്യക്കാർക്ക് വാങ്ങാം.
4. വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികില്‍സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണിവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0468 2322762 എന്ന നമ്പറിൽ ബന്ധപ്പെടാം.