1. കൈതച്ചക്ക ഇലകളും ഇനിമുതൽ പോഷകസമൃദ്ധമായ കാലിത്തീറ്റ. എറണാകുളം കൃഷിവിജ്ഞാന കേന്ദ്രമാണ് കൈതച്ചക്കയുടെ ഇല കൊണ്ട് കന്നുകാലികള്‍ക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റ തയ്യാറാക്കിയത്. ഈ കാലിത്തീറ്റയിലൂടെ പാലുത്പാദനത്തിൽ ഒന്നര ലിറ്റര്‍ വരെയും പാലിന്റെ കൊഴുപ്പിൽ അര ശതമാനം വരെയും വര്‍ദ്ധനവ് ഉണ്ടാകുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം കെ.വി.കെ.യിലെ മൃഗസംരക്ഷണ വിദഗ്ധ ഡോ. സ്മിത ശിവദാസന്‍, കെ.വി.കെ. മേധാവി ഡോ. ഷിനോജ് സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് കൈതയില കാലിത്തീറ്റ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ കാര്‍ഷികോത്പന്നങ്ങളും കന്നുകാലിത്തീറ്റയില്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്ന പരീക്ഷണവും ഇവിടെ പുരോഗമിച്ചു വരുന്നു.
2. കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും, സംരംഭകത്വം, മൂല്യ വർധിത ഉത്പന്ന നിർമ്മാണം, വിപണി ലക്ഷ്യമിട്ടുള്ള ഉല്പാദനപ്രക്രിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തുടനീളം നടന്നുവരുന്ന എഫ്.പി.ഒ മേള കേരളത്തിലും സംഘടിപ്പിച്ചു. ഫെബ്രുവരി 21 മുതൽ 23 വരെ കോഴിക്കോട് ട്രേഡ് സെന്ററിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന കൃഷി വകുപ്പുകൾ, SFAC എന്നിവ സംയുക്തമായാണ് എഫ്.പി.ഒ മേള സംഘടിപ്പിക്കുന്നത്. കേരളത്തിലുടനീളമുള്ള 50 ഓളം എഫ്.പി.ഒ കളുടെ സ്റ്റാളുകൾ പ്രദർശനത്തിന്റെ ഭാഗമായി. എഫ്.പി.ഒ അംഗങ്ങൾ, കർഷകർ, സംരംഭകർ എന്നിവർക്കായി വിദഗ്ദർ നയിച്ച ബോധവൽക്കരണക്ലാസ്സുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.
3. സംസ്ഥാനത്ത് മഴ സാധ്യത നിലനിൽക്കുന്നു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.