1. രാജ്യത്തെ ഒരു കോടി വീടുകളിൽ സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്ന റൂഫ്‌ടോപ്പ് സോളാർ പദ്ധതി ഉടൻ യാഥാർഥ്യമാകും. പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന എന്നാണ് പദ്ധതിയുടെ പേര്. പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിക്കായി 75,000 കോടി രൂപയാണ് വകയിരുത്തുക. pmsuryaghar.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. വെബ്സൈറ്റിലെ രജിസ്‌ട്രേഷൻ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത്, സംസ്ഥാനം, വൈദ്യുതി വിതരണ കമ്പനി എന്നിവ തിരഞ്ഞെടുക്കുക. കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകണം.
രജിസ്ട്രേഷൻ പൂർത്തിയായ ശേഷം കൺസ്യൂമർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ശേഷം സ്കീമിലേക്ക് നിർദ്ദേശങ്ങൾ പാലിച്ച് അപേക്ഷിക്കാം. Distribution Company അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ സോളാർ പ്ലാന്റ് സ്ഥാപിക്കാം. പ്ലാന്റ് സ്ഥാപിച്ച ശേഷം നെറ്റ് മീറ്ററിനായി അപേക്ഷിക്കണം. നെറ്റ് മീറ്റർ ഘടിപ്പിച്ച ശേഷം അധികൃതർ പരിശോധന നടത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. കമ്മീഷൻ ചെയ്യാനുള്ള റിപ്പോർട്ട് ലഭിച്ചാൽ നിങ്ങളുടെ ബാങ്ക് വിവരങ്ങളും ക്യാൻസലാക്കിയ ഒരു ചെക്കും വെബ്സൈറ്റ് വഴി സമർപ്പിക്കുക. 30 ദിവസത്തിനകം സബ്‌സിഡി ലഭിക്കും.
കൂടുതൽ വാർത്തകൾ: കർഷകർക്ക് ആശ്വാസമാകാൻ ഡിജിറ്റൽ കിസാൻ തത്ക്കാൽ വായ്പ! 50,000 രൂപ വരെ എടുക്കാം
2. നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. നിറമരുതൂർ പഞ്ചായത്തിലെ കേരകൃഷിയുടെ പുനരുദ്ധാരണത്തിനും അഭിവൃദ്ധിക്കും പദ്ധതി ഊർജം നൽകും. ചടങ്ങിൽ കേരഗ്രാമം പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഇടവിള കിറ്റിന്റെ ടോക്കൺ വിതരണം, സബ്‌സിഡി നിരക്കിൽ കാർഷിക യന്ത്രോപകരണങ്ങൾ ലഭിക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ ക്യാമ്പയിൻ, PM KISAN ആധാർ സീഡിംഗ് ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു.
3. ജലാശയവളപ്പ് മത്സ്യകൃഷി പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത് ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കൂട് - കുളം മത്സ്യ കൃഷികളുടെ സമ്മിശ്രമാണ് വളപ്പ് മത്സ്യ കൃഷി. ശ്രീഷിത്, രാമകൃഷ്ണൻ, മോഹനൻ, ശിവൻ എന്നിവർ ചേർന്നാണ് കൃഷി നടത്തുന്നത്. 2500 കരിമീൻ കുഞ്ഞുങ്ങളെ വളപ്പ് മത്സ്യ കൃഷിയ്ക്കായി നിക്ഷേപിച്ചു. 1.75 ലക്ഷം യൂണിറ്റ് ചെലവ് വരുന്ന പദ്ധതിക്ക് 60 ശതമാനം വരെ സബ്സിഡി ലഭിക്കും.
4. വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷിയുമായി വയനാട്ടിലെ കുടുംബശ്രീ. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിർവഹിച്ചു. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറില്‍ കൃഷി ചെയ്യും. വിഷുവിനോടനുബന്ധിച്ചുള്ള പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും ഇത്തവണയും കുടുംബശ്രീ സംഘടിപ്പിക്കും. ജില്ലയിലാകെ ഏഴായിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പതിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.