കാന്തല്ലൂരെയും വട്ടവടയിലെയും വെളുത്തുള്ളിപാടങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് തുടങ്ങി.ഇൻഹേലിയം ഗാർലിക്ക്, റെഡ് ഇൻഹേലിയം ഗാർലിക്ക് എന്നിവയാണ് കാന്തല്ലൂരിൽ കൃഷി ചെയ്തുവരുന്ന വെളുത്തുള്ളിയിനങ്ങൾ. ഇവയെ മേട്ടുപ്പാളയം പോട്, സിംഗപ്പൂർ പോട് എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു.കാന്തല്ലൂരിൽ വിളവെടുത്ത ‘ഒന്നാംതരം’ വെളുത്തുള്ളിക്ക് തമിഴ്നാട് മാർക്കറ്റിൽ കിലോയ്ക്ക് 200രൂപ ലഭിച്ചതോടെ കർഷകരും ആശ്വാസത്തിലാണ്.പ്രാദേശിക മാർക്കറ്റിൽ 260 രൂപവരെ കിട്ടുന്നുണ്ട്. കാന്തല്ലൂരിലെ നാരാച്ചി, പെരൂമല, കീഴാന്തൂർ എന്നിവിടങ്ങളിലെ പാടങ്ങളിലാണ് വിളവെടുപ്പ് നടന്നത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം മാർക്കറ്റിൽ വെളുത്തുള്ളി കിലോയ്ക്ക് 200രൂപ ലഭിച്ചെങ്കിലും കമ്മിഷനും വാഹനക്കൂലിയും കഴിച്ച് 180 രൂപയാണ് കർഷകർക്ക് കിട്ടുന്നത്. കഴിഞ്ഞവർഷം 60 രൂപമുതൽ 90 രൂപവരെ മാത്രമാണ് വില ലഭിച്ചത്.
ഹോർട്ടികോർപ്പ് കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി സംഭരിക്കാറില്ല. അതിനാൽത്തന്നെ ഓണവിപണിക്കായി വിളവെടുക്കുന്ന വെളുത്തുള്ളികൾ കൂടുതലും ഇടനിലക്കാർ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ഇത് പിന്നീട് കേരള വിപണിയിൽ കുടുതൽവില രേഖപ്പെടുത്തിയെത്തും. ഹോർട്ടികോർപ്പ് വെളുത്തുള്ളി സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.