തക്കാളിയും, സവാളയും മാത്രമല്ല , വെളുത്തുള്ളിയാണ് ഇപ്പോൾ വീട്ടമ്മമാരെ കൂടുതൽ കരയിക്കുന്നത്. വെളുത്തുള്ളിയുടെ വില കിലോഗ്രാമിന് 200 രൂപ കടന്നു. 170 രൂപയാണ് എറണാകുളം മാർക്കറ്റിൽ മൊത്തവില.175 മുതൽ 250 രൂപ വരെ ചില്ലറവിലയുണ്ട്. വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുന്ന
സംസ്ഥാനങ്ങളിൽ, പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറഞ്ഞതാണു വില കൂടാൻ കാരണം.
രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള വെളുത്തുള്ളി ഇറക്കുമതി ചെയ്യുന്നത്. മഹാരാഷ്ട്രയിലുണ്ടായ പ്രളയം ഉൽപാദനത്തെ സാരമായി ബാധിച്ചു.വിപണിയിൽ ലഭ്യത കുറവായതിനാൽ അടുത്ത സീസണിലെ വിളവു വിപണിയിലെത്തുന്നതുവരെ വിലയിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല.ഈ വർഷമാദ്യം 50–60 രൂപയായിരുന്നു വില. നാലിരട്ടിയിലേറെയാണ് മാസങ്ങൾക്കുള്ളിൽ വില ഉയർന്നത് .ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ കർണാടക ഉൾപ്പടെ അയൽ സംസ്ഥാനങ്ങളിൽ വില 280 രൂപ വരെ എത്തിയിരുന്നു.