കുറ്റിയാട്ടൂര്‍ മാങ്ങയ്‌ക്ക് ഭൗമസൂചികാ പദവി ഉടൻ ലഭിക്കും.അവസാനവട്ട അവതരണം ചെന്നൈയിലെ കേന്ദ്ര ഭൗമസൂചികാ രജിസ്ട്രി സെന്ററില്‍ ബുധനാഴ്ച നടന്നു അഞ്ച് വര്‍ഷമായി കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദക കമ്പനിയും കൃഷി ഉദ്യോഗസ്ഥരും നടത്തിവരുന്ന പരിശ്രമങ്ങളാണ് ഒടുവിൽ വിജയം കാണുന്നത്. കുറ്റിയാട്ടൂര്‍ മാങ്ങയെക്കുറിച്ച് നിരവധി ചര്‍ച്ചകളും ഗവേഷണവും ഇതിനകം നടന്നുകഴിഞ്ഞിരുന്നു.കാർഷിക ഉൽപന്നങ്ങളെ സംരക്ഷിക്കാനും അവയുടെ വിപണി വിപുലീകരിക്കുവാനുമാണ് ഉൽപന്നങ്ങളെ ഭൗമസൂചകങ്ങളായി രജിസ്ട്രർ ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഭൗമസൂചികാ രജിസ്ട്രിയുടെ ഉന്നതാധികാര സമിതി ചെയര്‍മാനടക്കം എട്ട് അംഗങ്ങളുമടങ്ങിയ സംഘത്തിനു മുന്നിലാണ് അവതരണം നടന്നത്.2015 മുതല്‍ ഭൗമസൂചികാ പദവിക്കുള്ള ശ്രമങ്ങളുടെ ഭാഗമായി കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദക കമ്പനിയെന്ന പേരില്‍ കര്‍ഷകരുടെ സംരംഭവും ഇവിടെ തുടങ്ങിയിരുന്നു.മാങ്ങയുടെ സംസ്‌കരണവും അനുബന്ധ ഉത്പന്നനിര്‍മാണവും ഇവിടെയുണ്ട്. കുറ്റിയാട്ടൂരിനു പുറമെ മയ്യില്‍, കൊളച്ചേരി, കൂടാളി എന്നീ പഞ്ചായത്തുകളിലും കുറ്റിയാട്ടൂർ മാങ്ങകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കൃത്യമായ സംസ്‌കരണം നടക്കാത്തതിനാല്‍ ഉത്പാദനത്തിന്റെ പകുതിയോളം നശിച്ചുപോകുകയാണ് പതിവ്. .പ്രത്യേക രുചിയും വലുപ്പവും ഗുണവും മണവും കൂടുതലായി ലഭിക്കുന്നത് കുറ്റിയാട്ടൂരില്‍ നിന്ന് ലഭിക്കുന്നതിന് മാത്രമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
സീസണില്‍ നിരവധി കുടുംബങ്ങളുടെ ജീവിതോപാധിയും ഈ മാങ്ങയിലൂടെയാണ്.കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്താവകാശം സെല്ലിന്റെ നേതൃത്വത്തിൽ ഭൗമസൂചക പദവിയിലേക്കടുക്കുന്ന പതിനൊന്നാമത്തെ ഉൽപന്നമാണ് കുറ്റിയാട്ടൂർ മാങ്ങ. പൊക്കാളി നെൽ, കൈപ്പാട് അരി, വയനാടൻ ജീരകശാല അരി, വയനാടൻ ഗന്ധകശാല അരി, തിരുവല്ല പതിയൻ ശർക്കര, മറയൂർ ശർക്കര, വാഴക്കുളം കൈതച്ചക്ക, നിലമ്പൂർ തേക്ക്, ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം എന്നിവയാണ് ഇതിന് മുമ്പ് ഭൗമസൂചികാ പദവി ലഭിച്ചിട്ടുളള കേരളീയ കാർഷിക ഉൽപ്പന്നങ്ങൾ.