തിരുവനന്തപുരം: റോസ്ഗാർ മേളകളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശ്രീ. രാമേശ്വരർ തേലി. പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള കേന്ദ്ര പദ്ധതി റോസ് ഗാർ മേളയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിയമന ഉത്തരവ് തിരുവനന്തപുരത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് കേന്ദ്ര ഗവൺമെന്റ് പ്രഥമ പരിഗണന നൽകുന്നത്, അതിനുള്ള തെളിവാണ് ഇന്ന് വിതരണം ചെയ്ത 71,000 നിയമന ഉത്തരവുകൾ.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ നിയമിതരായ ഇവർക്ക് അമൃതകാലത്തിലൂടെ കടന്നു പോയി 2047ലെ ഇന്ത്യയെ സാക്ഷ്യംവഹിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രാജ്യത്തിനും ജനങ്ങൾക്കുമായി ആത്മാർത്ഥമായ സേവനം കാഴ്ചവെയ്ക്കാൻ ശ്രീ. രാമേശ്വരർ തേലി നിയമിതരായവരോട് അഹ്വാനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: റോസ്ഗാർ മേളയിലൂടെ 1.47 ലക്ഷം പുതിയ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി റോസ്ഗാർ മേള ഉദ്ഘാടനം ചെയ്യുകയും നിയമന ഉത്തരവ് ലഭിച്ചവരുമായി സംവദിക്കുയും ചെയ്തു. റെയിൽവേ, വി.എസ്.എസ്.സി, ഇപിഎഫ്ഒ, എൻ എസ് ഒ, തപാൽ വകുപ്പ്, ബാങ്ക് ഓഫ് ബെറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് നിയമനം. തിരുവനന്തപുരം മേഖലയിൽ നിന്ന് നിയമനം ലഭിച്ച 108 പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേർ കേന്ദ്ര സഹമന്ത്രി ശ്രീ. രാമേശ്വർ തേലിയിൽ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി. ബാക്കിയുള്ളവർക്ക് അതത് വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉത്തരവ് വിതരണം ചെയ്തു.
ആദായ നികുതി വകുപ്പ് ചീഫ് കമ്മീഷണർ ശ്രീ ആർ ഗോവിന്ദരാജൻ, ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണർ ശ്രീമതി വി എസ് ശ്രീലേഖ, കസ്റ്റംസ് കമ്മീഷണർ (സി ജി എസ് ടി) ശ്രീ ടി.ജി വെങ്കടേഷ്, ഡയറക്ടർ ഓഫ് പോസ്റ്റ്സ് എം ആർ വിജി, ഇ പി എഫ് ഒ അഡീഷണൽ സെൻട്രൽ പി എഫ് കമ്മീഷണർ ഡോ അനിൽ ഒ കെ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.