1. സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. നിലവിൽ 1 ഗ്രാം സ്വർണത്തിന് 5,700 രൂപയും പവന് 45,600 രൂപയുമാണ് വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. കഴിഞ്ഞ മാസം പവന് രേഖപ്പെടുത്തിയ 45,320 രൂപയാണ് ഇത്തവണത്തെ സ്വർണവില മറികടന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവില ഉയരാൻ കാരണം.
2. വയനാട് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ സംരംഭങ്ങൾ നേടിയത് 61 ലക്ഷം രൂപയുടെ വരുമാനം. 7 ദിവസം കൊണ്ടാണ് 61 ലക്ഷം രൂപയുടെ വിറ്റുവരവ് വിവിധ സ്ഥാപനങ്ങളും സംരംഭകരും നേടിയത്. ജില്ലയിലെ ചെറുകിട സംരംഭ കര്‍ക്കായി ഒരുക്കിയ വാണിജ്യ വിഭാഗത്തിലെ 111 സ്റ്റാളുകളില്‍ നിന്നും 39.4 ലക്ഷം രൂപയുടെ വ്യാപാരം നടന്നു. സപ്ലൈകോ അവതരിപ്പിച്ച ഏക്‌സ്പ്രസ് മാര്‍ട്ടിൽ നടന്നത് 9.31 ലക്ഷം രൂപയുടെ വില്‍പ്പനയാണ്. ഏഴ് ദിവസങ്ങളിലായി നടന്ന ഭക്ഷ്യമേളയിലൂടെ 10.68 ലക്ഷം രൂപയുടെ വരുമാനം കുടുംബശ്രീ യൂണിറ്റുകൾ നേടി. വ്യവസായ വകുപ്പിന്റെ ബി 2 ബി മീറ്റും ഏറെ ശ്രദ്ധനേടി. മൂന്ന് ലക്ഷത്തോളം പേരാണ് മേള കാണാനെത്തിയത്.
3. കാർഷിക മേഖലയ്ക്ക് യന്ത്രവല്‍കൃത സേനയുടെ സേവനം അനിവാര്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരള കാര്‍ഷിക വികസന വകുപ്പ് അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച കൃഷിശ്രീ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്ററാണിത്. ജനകീയ പങ്കാളിത്തവും കൃഷികൂട്ടങ്ങളുടെ വരവും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്ക് സഹായിച്ചതായും, യന്ത്രസഹായത്തോടെയുള്ള ജോലികള്‍ കര്‍ഷകനും തൊഴിലാളിക്കും ഒരുപോലെ ലാഭം നേടാന്‍ സഹായിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
4. ലോകത്തെ 58 രാജ്യങ്ങളിലായി 25.8 കോടി പേർ പട്ടിണി കിടക്കുന്നതായി യുഎൻ റിപ്പോർട്ട്. പട്ടിണിയും അടിസ്ഥാന സൗകര്യമില്ലാത്തവരുടെയും എണ്ണം തുടർച്ചയായ നാലാം വർഷവും കുടുന്നതായി റിപ്പോർട്ടിൽ പറയുന്നു. സൊമാലിയ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, യമൻ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ പട്ടിണി മരണങ്ങളും നടക്കുന്നുണ്ട്. യുഎന്നും യൂറോപ്യൻ യൂണിയനും ചേർന്നുള്ള മനുഷ്യാവകാശ കൂട്ടായ്മയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
5. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ന്യൂനമർദം പിന്നീട് തീവ്ര ന്യൂനമർദമായി മാറും. ഇതിന്റെ ഫലമായി കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.