1. വീടുകളിൽ സോളാർ സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ വായ്പയും സബ്സിഡിയും ലഭിക്കും. 5 വർഷമാണ് തിരിച്ചടവ് കാലാവധി. 10 ശതമാനം പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ ലഭിക്കുക. സഹകരണ സംഘങ്ങൾ, പ്രാഥമിക വായ്പ സംഘങ്ങൾ എന്നിവ വഴിയാണ് വായ്പ അനുവദിക്കുന്നത്. പദ്ധതി വഴി 2 മുതൽ 10 കിലോവാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കാം. കെഎസ്ഇബിയുടെ ഇ – കിരൺ പോർട്ടൽ വഴിയാണ് സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സഹകരണ ബാങ്കുമായി ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: എന്റെ കേരളം; 8 ലക്ഷം വരുമാനം നേടി കുടുംബശ്രീ ഫുഡ് കോർട്ട്
2. ഇന്ന് സാർവദേശീയ തൊഴിലാളി ദിനം. തൊഴിലാളികൾ നൽകുന്ന സംഭാവനകൾക്ക് അംഗീകാരം നൽകുന്നതിനാണ് ലോകമെമ്പാടും തൊഴിലാളി ദിനം ആചരിക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോൾ 1886ൽ അമേരിക്കയിലാണ് മെയ് ദിനാചരണത്തിന്റെ തുടക്കം. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന ആവശ്യമുന്നയിച്ച് ചിക്കാഗോയിലെ തൊഴിലാളികൾ സമരം നടത്തുകയും പൊലീസ് ഏറ്റുമുട്ടലിൽ നിരവധി പേരുടെ ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ ഓർമപുതുക്കലായാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ 1923ലാണ് ആദ്യമായി മെയ്ദിനം ആചരിച്ചത്. കേരളത്തിൽ 2018 മെയ് 1ന് നോക്കുകൂലി നിർത്തലാക്കിയതും ഈദിനം തന്നെ.
3. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ പച്ചക്കറി കൃഷി വിളവെടുത്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി കാടുപിടിച്ച് കിടന്ന 5 ഏക്കർ സ്ഥലം വ്യത്തിയാക്കി ശാസ്ത്രീയ രീതിയിൽ മണ്ണൊരുക്കിയാണ് കൃഷി ആരംഭിച്ചത്. ട്രെയ്നിംഗ് സെന്ററിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തോടൊപ്പം ഒരു സ്വയം തൊഴിലായി കൃഷി പ്രയോജനപ്പെടുമെന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്.
4. പീച്ചി മത്സ്യ ഭവനിൽ ഒരു നെല്ലും ഒരു മീനും പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി പുല്ലഴി പാടശേഖരത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി നിർവഹിച്ചു. 281 ഹെക്ടർ വരുന്ന പുല്ലഴി പാടശേഖരത്തിൽ 8,50,000 കാർപ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. നെൽകൃഷിക്ക് ശേഷം ഉപയോഗശൂന്യമായി കിടക്കുന്ന പാടശേഖരങ്ങളിൽ മത്സ്യകൃഷി ചെയ്യുന്നതിനായി ഫിഷറീസ് ഡിപ്പാർട്ട്മെൻറ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരു നെല്ലും ഒരു മീനും.
5. പരിസ്ഥിതി സൗഹൃദപരമായി മത്സ്യകൃഷി ചെയ്യാനൊരുങ്ങി ഖത്തറിലെ പ്രാദേശിക ഫാമുകൾ. രാജ്യത്തെ മത്സ്യോൽപാദനം വർധിപ്പിക്കുക, ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. അഗ്രികോ കമ്പനി വികസിപ്പിച്ചെടുത്ത ബയോഫ്ലോക്ക് സംവിധാനമാണ് ഫാമുകൾ സ്വീകരിക്കുന്നത്. പ്രാദേശിക മത്സ്യഫാമുകളിൽ ഈ സംവിധാനം ഉടൻ ലഭ്യമാക്കാനാണ് കാർഷിക മന്ത്രാലയത്തിന്റെ ലക്ഷ്യം.
6. കേരളത്തിൽ മഴ തകർക്കുന്നു. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 30 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം.