എറണാകുളം: സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന നയമാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കോതമംഗലത്തെ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് മന്ത്രി വീണാ ജോർജ്
ജനങ്ങൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് സുഭിക്ഷ ഹോട്ടൽ ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ഇത്തരം പദ്ധതികൾ പരമാവധി ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ വിതരണ ശാലകൾ തുടങ്ങി എല്ലാ ന്യായവില കേന്ദ്രങ്ങളും പരമാവധി കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അളവിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും വരുതരുത് എന്നാണ് സർക്കാർ തീരുമാനം.
ആനൂകൂല്യങ്ങളും സഹായങ്ങളും അനുവദിക്കുന്നതോടൊപ്പം അവ കൃത്യമായ കരങ്ങളിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തുന്നതും പ്രധാനമാണ്. അനർഹരായ റേഷൻ കാർഡുകൾ റദ്ദാക്കി അർഹരായവർക്ക് നൽകുന്ന ഉദ്യമം വിജയകരമായി മുൻപോട്ട് പോവുകയാണ്.
വിപണിയിലെ വിലവർധന നേരിടാൻ ക്രിയാത്മകമായ ഇടപെടലാണ് വകുപ്പ് നടത്തുന്നത്. അരിവില ഉയർന്നപ്പോൾ സംസ്ഥാനത്തുടനീളം ന്യായ വിലയിൽ അരി ലഭ്യമാക്കാൻ അരിവണ്ടികൾ എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്ത്?
സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള 'സുഭിക്ഷ ഹോട്ടൽ' കോതമംഗലം മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി. 20 രൂപ നിരക്കിൽ ഇവിടെ നിന്ന് ഊണ് ലഭ്യമാകും.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് ചെയർമാൻ ആർ. അനിൽകുമാർ, ജില്ലാ സപ്ലൈ ഓഫീസർ ബി. ജയശ്രീ, തഹസിൽദാർ റേച്ചൽ കെ. വർഗീസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എ ജോയി, പി.ടി ബെന്നി, അഡ്വ. മാർട്ടിൻ സണ്ണി, അഡ്വ. ജോസ് വർഗീസ്, ബാബു പോൾ, അഡ്വ. മാത്യു ജോസഫ്, ആന്റണി പാലക്കുഴി, വി.വി ബേബി, ഒ.കെ ശാലോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.