ഇടുക്കി: കൈവശക്കാര്‍ക്ക് ഭൂമി കൊടുക്കുകയെന്നതിന് ഉപരിയായി എല്ലാ സാധാരണക്കാര്‍ക്കും ഭൂമി കൊടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ അടുക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍.
വെള്ളിയാമറ്റം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് അവസരം ഉണ്ടാക്കുന്ന വിധത്തില്‍ എല്ലാ റവന്യു ഓഫീസുകളും സ്മാര്‍ട്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മുന്നേറ്റത്തിനാണ് സംസ്ഥാനസര്‍ക്കാര്‍ അവസരം ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ മുഴുവന്‍ ആളുകളെയും ഭൂമിയുടെ ഉടമസ്ഥരാക്കുകയെന്ന ലക്ഷ്യം രൂപീകരിക്കുകയും എല്ലാ ഭൂമിക്കും രേഖ ഉണ്ടാക്കി കൊടുക്കണമെന്ന ആശയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന വിധത്തില്‍ വലിയ പരിശ്രമമാണ് രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത്.
കൈവശക്കാര്‍ക്ക് ഭൂമി കൊടുക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. രണ്ടര വര്‍ഷക്കാലത്തിനിടയില്‍ 1,83,103 പട്ടയങ്ങള്‍ സര്‍ക്കാര്‍ നല്‍കി. ഈ ചെറിയ കാലത്തിന് ഇടയില്‍ 698 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് അവതരണാനുമതിയും ഭരണാനുമതിയും നല്കുകയും അതില്‍ 478 വില്ലേജുകള്‍ പൂര്‍ത്തീകരിക്കാനുമായി എന്നത് വലിയ ജനകീയ മുന്നേറ്റമാണ്. അതോടൊപ്പം എല്ലാ ഭൂമിക്കും രേഖ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിനായി റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് സ്‌കീമിലൂടെ ഡിജിറ്റല്‍ റീ സര്‍വെയ്ക്ക് തുടക്കമിട്ടു. ഇതിലൂടെ ഒന്നര വര്‍ഷം കൊണ്ട് 2,17000 ഹെക്ടര്‍ ഭൂമി അളക്കാനായി എന്നത് പുതിയ ചരിത്രമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ അടിസ്ഥാന മേഖലയായ വില്ലേജ് ഓഫീസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരമാവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാമറ്റം സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പി. ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനി പി.എന്‍ സ്വാഗതവും തഹസില്‍ദാര്‍ സക്കീര്‍ കെ.എച്ച് നന്ദിയും പറഞ്ഞു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സിമോള്‍ മാത്യു, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗം ഷേര്‍ളി ജോസുകുട്ടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.