എറണാകുളം: ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് പി. വി. ശ്രീനിജിൻ എം. എൽ. എ. മലമ്പനിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ മലമ്പനി നിർണയത്തിനു ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രക്ത പരിശോധനയിലൂടെ രോഗം നിർണ്ണയിക്കുന്നവർക്ക് മരുന്നുകൾ നൽകും. ഇതിനായി ബ്ലോക്കിനു കീഴിലുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ പനിയുമായി എത്തുന്നവർക്ക് രക്ത പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനി സ്ക്രീനിങ്ങും നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ 25 ഇന്ന് മലമ്പനി ( Malaria ) ദിനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. മലമ്പനി നിർമാർജ്ജനം -പ്രതിരോധം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ മലയിടംതുരുത്ത് സി. എച്ച്. സി. മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. വി. എസ്. ശാരി ബോധവത്കരണ സെമിനാർ നടത്തി. പഞ്ചായത്ത് തലത്തിൽ ആരോഗ്യ പ്രവർത്തകർ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ച് രക്തസാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് ഡോ. വി. എസ്. ശാരി പറഞ്ഞു. ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജർ ഡോ.നിഖിലേഷ് മേനോൻ ദിനാചാരണ സന്ദേശവും ജില്ലാ സർവ്വയിലൻസ് ഓഫീസർ കെ. കെ. ആശ വിഷയാവതരണവുംനടത്തി.
ബ്ലോക്ക് പഞ്ചായത്തിന്റെ ക്യാൻസർ പ്രതിരോധ പ്രവർത്തന പദ്ധതിയുടെ ഭാഗമായി ക്യാൻസർ ബോധവത്കരണ പോസ്റ്റർ പുറത്തിറക്കി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വാഴക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് അജി ഹക്കീം, വിവിധ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ലിസി സെബാസ്റ്റ്യൻ, അസീസ് മൂലയിൽ, ഷാജിത നൗഷാദ്, ജോയിന്റ് ബി. ഡി. ഒ. ഷാഫി പ്രസാദ്, ഹെൽത്ത് സൂപ്പർവൈസർ മധു കെ. പീറ്റർ, എൻ. വി. ബി. ഡി. സി. പി. ഓഫീസ് ഇൻ ചാർജ് എൻ.എസ്.റഷീദ് മുതലായവർ പങ്കെടുത്തു.