സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം പ്രാപ്യമാണെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ സംരംഭങ്ങളും നയങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാട് എൽ പി സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കേരളത്തിന്റെ വിജയത്തിന്റെ മറ്റൊരു പ്രധാന വശമാണ്. സമഗ്രമായ വികസനം, വിമർശനാത്മക ചിന്ത, പ്രായോഗിക പഠനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ശക്തമായ ഒരു പാഠ്യപദ്ധതിയാണ് സംസ്ഥാനത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ താൽപ്പര്യങ്ങളും കഴിവുകളും മികവുറ്റതാക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അധ്യാപക പരിശീലനത്തിനും വികസനത്തിനും അത് ശക്തമായ ഊന്നൽ നൽകുന്നു. വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും അധ്യാപകർക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഗവ എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം ബേസ്മെന്റ് ഫ്ലോറിൽ 186 ചതുരശ്ര മീറ്ററിൽ കിച്ചൻ, ഡൈനിങ്ങ് എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ 367 ചതുരശ്ര മീറ്ററിൽ രണ്ട് ക്ലാസ് റൂമുകൾ, ലൈബ്രറി, സ്റ്റാഫ് റൂം ഓഫീസ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും, ഒന്നാം നിലയിൽ 367 റൂമുകളും, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം സ്പെഷ്യൽ റൂം, ടാലെന്റ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും, രണ്ടാം നിലയിൽ 265 ചതുരശ്ര മീറ്ററിൽ രണ്ടു ക്ലാസ് ആഡിറ്റോറിയം എന്നിവയും, 30 ചതുരശ്ര മീറ്ററിൽ സ്റ്റെയർകേസ് റൂം ഉൾപ്പെടെ 1215 ചതുരശ്ര മീറ്ററിൽ പ്രബിത കോൺക്രീറ്റ് ചട്ടക്കൂടായിട്ടാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഒന്നാം ഘട്ടത്തിൽ ബേസ്മെന്റ് ഫ്ലോറിൽ കിച്ചനും, ഡൈനിങ്ങ് ഏരിയയും ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു ക്ലാസ് റൂമുകളും, ലൈബ്രറി സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടുത്തി 424 ചതുരശ്ര മീറ്ററിൽ കെട്ടിടം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്.
മുൻ എം എൽ എ ജോർജ് എം തോമസിന്റെ ആസ്തിക വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത്.
അസി. എഞ്ചിനീയർ അനീസ് കെ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ സൗദ,
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ജിജിത സുരേഷ്,
സത്വൻ മുണ്ടയിൽ,ശാന്താദേവി മുത്തേടത്ത്, മെമ്പർമാരായ
ആമിന എടത്തിൽ,കെ.പി ഷാജി, എ ഇ ഒ ദീപ്തി വി, ബി. പി. സി. പി എൻ അജയൻ എന്നിവർ സംസാരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത സ്വാഗതവും,ഹെഡ്മിസ്ട്രസ് ജാനിസ് ജോസഫ് നന്ദിയും പറഞ്ഞു.