പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ജല ബജറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലയില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്തല കണ്‍വെന്‍ഷന്‍ ഫെബ്രുവരി 28 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ : ഹരിതകേരളം മിഷൻ ശിൽപ്പശാലയ്ക്ക് തുടക്കം
ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ പ്രകാശ് ചരളേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് നോഡല്‍ ഓഫീസര്‍, വിവിധ വകുപ്പുകളിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവകേരളം കര്‍മ്മ പദ്ധതി പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജി.അനില്‍കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനേയും അതിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളെയുമാണ് പദ്ധതിയുടെ നിര്‍വഹണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു പ്രദേശത്തെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. പ്രാദേശിക തലത്തില്‍ ജലസുരക്ഷ ഉറപ്പാക്കുന്നതിന് ജലലഭ്യതയും ജല ആവശ്യങ്ങളും കൃത്യമായി കണക്കാക്കുന്നതിനാണ് ജലബജറ്റിലൂടെ ഉദ്ദേശിക്കുന്നത്.
ബ്ലോക്ക് തലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വിപുലമായ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്താണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. മല്ലപ്പള്ളി ബ്ലോക്കിന്റെ പരിധിയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും ഏകോപിപ്പിച്ചുകൊണ്ട് ജല ബജറ്റ് തയ്യാറാക്കുന്നതിനും ലോക ജലദിനമായ മാര്‍ച്ച് 22 ന് ജല ബജറ്റ് പ്രകാശനം നടത്തുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.