എറണാകുളം: ചെല്ലാനത്ത് സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പഠനം ആവശ്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ വനിതാ കമ്മിഷന്‍ നടത്തിവരുന്ന തീരദേശ ക്യാമ്പിന്റെ ഭാഗമായി ചെല്ലാനത്തെ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ രോഗബാധിതരായ സ്ത്രീകളെ വീടുകളിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
തീരദേശ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കി പരിഹരിക്കുന്നതിനാണ് വനിതാ കമ്മിഷന്‍ തീരദേശ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. തീരദേശ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ക്യാമ്പിലൂടെ കമ്മിഷന്‍ ലക്ഷ്യമിടുന്നത്.
ചെല്ലാനത്തെ സ്ത്രീകള്‍ ശ്വാസകോശ, ത്വക്ക് സംബന്ധമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രദേശത്തെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ത്വക്ക് രോഗം വര്‍ധിച്ചുവരുന്നത്. സ്ത്രീകളില്‍ അര്‍ബുദം വര്‍ധിച്ചു വരുന്നതായി ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ ആവശ്യമാണ്. കാരണം കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും.
കിടപ്പുരോഗികള്‍ക്കും മറ്റ് അസുഖബാധിതരായ സ്ത്രീകള്‍ക്കും സഹായമെത്തിക്കുന്നതിന് വിപുലമായ ജനകീയ കൂട്ടായ്മകള്‍ ചെല്ലാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 344 കോടി രൂപ വിനിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ടെട്രാപോഡ് ഭിത്തിയുടെ സംരക്ഷണത്തില്‍ കടലാക്രമണ ഭീതിയില്‍ നിന്നും മോചിതരായ ചെല്ലാനം നിവാസികളെ കാണാനായതില്‍ ഏറെ സന്തോഷമുണ്ട്. സുനാമിക്കാലത്ത് തകർന്നു പോയ വീടുകളുടെ പുനര്‍നിര്‍മാണം സാധ്യമായിട്ടുണ്ടെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
തീരദേശ ക്യാമ്പിന്റെ ഭാഗമായി ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ 13, 14, 16 വാര്‍ഡുകളിലെ മത്സ്യതൊഴിലാളികളുടെ കിടപ്പുരോഗികളായ സ്ത്രീകളുള്ള വീടുകളാണ് കമ്മീഷന്‍ സന്ദര്‍ശിച്ചത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത മകളും രണ്ട് സഹോദരിമാരും അടങ്ങുന്ന മേരിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് ജനപ്രതിനിധികള്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിര്‍മിച്ച വീട്ടിലാണ് മേരിയും കുടുംബവും താമസിക്കുന്നത്.
ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായപ്പോള്‍ ഫിറ്റ്‌സ് വന്നു രോഗശയ്യയിലായ 16 വയസുകാരി ശില്പമേരിയും കിഡ്‌നി രോഗബാധിതയായി കിടപ്പിലായ 63 വയസുള്ള ആശയും അവരുടെ സങ്കടങ്ങളും പ്രതീക്ഷകളും കമ്മിഷനുമായി പങ്കുവച്ചു.
സ്‌ട്രോക്ക് വന്നു കിടപ്പിലായ റോസിയും ബലക്ഷയം സംഭവിച്ച് രോഗബാധിതയായ മോണിക്കയ്ക്കും (58) ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ ശേഷമാണ് വനിത കമ്മിഷന്‍ മടങ്ങിയത്. ചെല്ലാനം സാമൂഹ്യ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് സ്ത്രീകള്‍ നേരിടുന്ന രോഗങ്ങളെ കുറിച്ച് ചോദിച്ചറിയുകയും കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ വനിത കമ്മിഷന്‍ വിലയിരുത്തുകയും ചെയ്തു.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ കൃഷ്ണകുമാര്‍, സീമ ബിനോയ്, വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അഡ്വ. ടി.വി അനിത, വനിത കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ആന്റണി ഷീലന്‍ എന്നിവര്‍ പങ്കെടുത്തു.