തൃശ്ശൂർ: കൈത്തറിയിൽ വസ്ത്രം നെയ്യുന്നത് നേരിട്ട് കണ്ടിട്ടുണ്ടോ ? പാവിന്റെ നൂലിഴകളിലൂടെ ഓടം ഓടിച്ച് മനോഹരമായ സാരികളും മുണ്ടുകളും നെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പാരമ്പര്യത്തിലേക്ക് മടങ്ങാം; ഇന്ന് ദേശീയ കൈത്തറി ദിനം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിട്ടുള്ള കുത്താമ്പുള്ളി കൈത്തറി സ്റ്റാളിലെത്തിയാൽ കൈത്തറി മെഷീനും വസ്ത്രങ്ങൾ നേരിട്ട് നെയ്യുന്നതും കാണാം.
കൈത്തറി ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കിയ സ്റ്റാളിൽ നെയ്ത്ത് കണ്ടറിഞ്ഞ് കൈത്തറി വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടു പോകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൈത്തറി ഗ്രാമങ്ങൾ പ്രാദേശിക ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയിൽ വലിയ പങ്കാണ് ഇന്ന് വഹിക്കുന്നത്.
ജില്ലയിൽ സ്ഥിതിചെയ്യുന്ന കുത്താമ്പുള്ളി കൈത്തറി വ്യവസായത്തിൽ പ്രസിദ്ധമാണ്. വ്യത്യസ്ത തരം സാരികൾ മുണ്ടുകൾ, നെയ്ത്ത് ഉപകരണങ്ങൾ, തത്സമയം നടക്കുന്ന കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് എന്നിവ മേളയ്ക്ക് മാറ്റുകൂട്ടുന്നു.
കൈത്തറി നീളത്തിൽ വലിച്ചുനിർത്തിയ പാവിന്റെ നൂലിഴകളിലൂടെ ഓടം ഓടിച്ചാണ് തുണികൾ നെയ്യുന്നത്. പാവിന്റെ ഇഴകളുമായി ബന്ധിപ്പിച്ച കോലുകളിൽ മാറിമാറി ചവിട്ടിയാണ് പാവിന്റെ ഒന്നിടവിട്ട നൂലിഴകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. കൈപ്പടിയുള്ള ഒരു ചരട് വലിച്ച് ഓടം ഒടിച്ചാണ് തുണികൾ നെയ്യുന്നത്
ഡിസൈൻസ് സാരികൾ, പ്ലെയിൻ സാരികൾ, ജക്കാഡ് സാരികൾ, ഓരോ ഇഴകൾ നൂലിലും കസവിലും കോർക്കുന്ന ടിഷ്യൂ സാരികൾ, വ്യത്യസ്ത തരം മുണ്ടുകൾ തുടങ്ങി നിരവധി ഉൽപ്പനങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. തറിയിൽ നെയ്യുന്നത് നേരിട്ട് കാണാനും തുണിത്തരങ്ങൾ വാങ്ങുന്നതിനുമായി നിരവധിപേരാണ് ദിവസവും മേളയിലെത്തുന്നത്. മെയ് 15 വരെയാണ് തേക്കിൻകാട് മൈതാനിയിൽ മേള നടക്കുന്നത്.