1. കേരളത്തിൽ അനിയന്ത്രിതമായി ചൂട് ഉയരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും ഉയർന്നചൂട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്, 38.5 ഡിഗ്രി സെൽഷ്യസ്. അതേസമയം, മാർച്ച് 1 വരെ കൊല്ലം, ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
2. പച്ചക്കറി വിളകളിലെ കൃത്യത കൃഷിയിൽ പരിശീലനം നൽകുന്നു. വെള്ളാനിക്കര കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാമിൽ വച്ച് മാർച്ച് 5, 6 തീയതികളിൽ പരിശീലനം നടക്കും. 1,500 രൂപയാണ് പരിശീലന ഫീസ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാർഷിക സർവകലാശാല സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2961457 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചി വില കുതിക്കുന്നു; 1 മാസത്തിനകം കൂടിയത് 50 രൂപ
3. എറണാകുളം ജില്ലയിൽ ആദ്യമായി മണിച്ചോള കൃഷി വിളവെടുത്തു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ FMCT ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് കൃഷി ചെയ്തത്. വിളവെടുപ്പ് ഉദ്ഘാടനം കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി II എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂൾ അങ്കണത്തിലെ 3 സെൻറ് സ്ഥലത്ത് 2023 നവംബറിലാണ് കൃഷി ആരംഭിച്ചത്. ചെറുധാന്യങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ 'ചെറുതല്ല ചെറുധാന്യങ്ങൾ' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്.
4. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തില്‍ കൊയ്ത്ത് മഹോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏക പടശേഖരമാണ് ആനവരട്ടി. തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് 6 വര്‍ഷമായി പാടശേഖരത്തിൽ കൃഷി നിലനിര്‍ത്തുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ ഇവിടെ കൃഷി ഇറക്കാറുണ്ട്. കൂടുതല്‍ ആളുകളെ നെല്‍കൃഷിയിലേക്ക് കൊണ്ടുവരികയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.