തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ തുടരുന്ന സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറികൾ, വാട്ടർ ആംബുലൻസ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.
വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.